ചാരിറ്റി പീഡനക്കേസ്: സൈഫുള്ളക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണവും; ഭിന്നശേഷിക്കാരുടെ പണം കവർന്നു

ഭിന്നശേഷിക്കാരുടെ പേരിൽ പലരിൽ നിന്നായി പണം തട്ടിയെന്നും ആരോപണമുയരുന്നു

മലപ്പുറം: പെരിന്തൽമണ്ണ ചാരിറ്റി പീഡന കേസിൽ കുറ്റാരോപിതനായ വ്യാജ ട്രസ്റ്റ് നടത്തിപ്പുകാരൻ സൈഫുള്ളക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണവും. വീൽചെയറിന് വേണ്ടി ഭിന്നശേഷിക്കാർ സമാഹരിച്ച പണവും ഭിന്നശേഷിക്കാരുടെ പേരിൽ പലരിൽ നിന്നായി സമാഹരിച്ച പണവും ഉള്പ്പെടെ പതിനായിരങ്ങള് ഇയാള് തട്ടിയെടുത്തു എന്നും ആരോപണം ഉണ്ട്. സംഭവത്തിൽ രക്ഷിതാക്കൾ മന്ത്രി ആർ ബിന്ദുവിന് പരാതി നൽകി.

ചാരിറ്റി പീഡനക്കേസില് അതിജീവിത പൊലീസിൽ പരാതി നല്കിയിട്ടുണ്ട്. വീട്ടിലേക്ക് വിളിച്ചു വരുത്തി ബലമായി പീഡിപ്പിച്ചെന്ന് പരാതിയില് പറയുന്നു. പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തി പലതവണ പീഡനത്തിന് ഇരയാക്കിയെന്നും വഴങ്ങാതെ വന്നപ്പോള് മാനസിക രോഗിയാക്കി ചിത്രീകരിച്ചെന്നും പരാതിയില് പറയുന്നുണ്ട്. ചാരിറ്റിയുടെ മറവില് ഭിന്നശേഷിക്കാരോട് കൊടും ക്രൂരതയെന്ന വാര്ത്ത റിപ്പോര്ട്ടര് ടിവിയാണ് പുറത്തുകൊണ്ടുവന്നത്.

ഭിന്നശേഷിയുള്ള പെണ്കുട്ടികളെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് വെളിപ്പെടുത്തല്. സൈഫുള്ളക്കെതിരെ ഗുരുതര ആരോപണവുമായി ഭിന്നശേഷിക്കാരും, രക്ഷിതാക്കളും രംഗത്തെത്തുകയായിരുന്നു. നിരവധി പെണ്കുട്ടികള്ക്കെതിരെ അതിക്രമമുണ്ടായെന്ന് പെണ്കുട്ടികളുടെ സുഹൃത്ത് റിപ്പോര്ട്ടര് ടിവിയോട് പറഞ്ഞു. തണലോര ശലഭങ്ങള് എന്ന പേരിലായിരുന്നു വ്യാജ ട്രസ്റ്റിന്റെ പ്രവര്ത്തനം.

To advertise here,contact us