'മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയുള്ള പരാമർശം തന്റെ അറിവോടെയല്ല, പിന്നിൽ അഭിഭാഷകൻ'; ഐജി ജി ലക്ഷ്മണ

എഫ്ഐആര് റദ്ദാക്കണമെന്നും കേസില് നിന്ന് ഒഴിവാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു

കൊച്ചി: പുരാവസ്തു തട്ടിപ്പുകേസിൽ ഹൈക്കോടതിയില് നല്കിയ ഹര്ജിയില് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയുള്ള പരാമര്ശങ്ങള് തന്റെ അറിവോടെയല്ലെന്ന് ഐജി ജി ലക്ഷ്മണ. വക്കാലത്ത് നല്കിയ അഭിഭാഷകനാണ് പരാമര്ശങ്ങള്ക്ക് പിന്നിൽ. ഹര്ജി പിന്വലിക്കാന് അഭിഭാഷകനോട് ആവശ്യപ്പെട്ടതായും ഐജി ലക്ഷ്മണ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില് പറഞ്ഞു.

കോടതിയില് സമര്പ്പിച്ച ഹര്ജി താന് ഇതുവരെ കണ്ടിട്ടില്ല. ചാനല് വാര്ത്തകളിലൂടെയാണ് ഹര്ജിയില് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പരാമര്ശങ്ങളുള്ള വിവരം അറിഞ്ഞതെന്നും ജി ലക്ഷ്മണ വ്യക്തമാക്കി. മോൻസണ് മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പുകേസിൽ എഫ്ഐആര് റദ്ദാക്കണമെന്നും കേസില് നിന്ന് ഒഴിവാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഗൂഢസംഘം പ്രവർത്തിക്കുന്നുവെന്നായിരുന്നു ഹർജിയിലെ ആരോപണം. മുഖ്യമന്ത്രിയുടെ ഓഫീസിലെ അസാധാരണ ബുദ്ധികേന്ദ്രത്തിന്റെ നിർദേശപ്രകാരമാണ് ക്രൈം ബ്രാഞ്ച് തന്നെ പ്രതി ചേർത്തത് എന്നും ഐജി ലക്ഷ്മണ ഹർജിയിൽ ആരോപിച്ചിരുന്നു. ഹർജിയിൽ സർക്കാരിനോടുൾപ്പെടെ ഹൈക്കോടതി വിശദീകരണം തേടിയിരുന്നു.

തിങ്കളാഴ്ച ഐജി ജി ലക്ഷ്മണയോട് ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. ആയുർവേദ ചികിത്സയിലായതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് ക്രൈംബ്രാഞ്ചിനെ അറിയിക്കുകയായിരുന്നു. കേസിലെ മൂന്നാം പ്രതിയാണ് ഐജി ജി ലക്ഷ്മൺ.

To advertise here,contact us