എഐ ക്യാമറ അഴിമതി; വി ഡി സതീശനും ചെന്നിത്തലയും നൽകിയ പൊതുതാത്പര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

സാങ്കേതിക തികവില്ലാത്ത മൂന്ന് കമ്പനികളാണ് കരാറിനു വേണ്ടി മത്സരിച്ചതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു

തിരുവനന്തപുരം: എഐ ക്യാമറയിൽ അഴിമതി ആരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തല എംഎൽഎയും നൽകിയ പൊതുതാത്പര്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജെ ദേശായി അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുക. സർക്കാർ മറുപടി സത്യവാങ്മൂലം നൽകിയേക്കും.

കോടതി മേൽനോട്ടത്തിൽ അഴിമതിയെക്കുറിച്ച് അന്വേഷിക്കണമെന്നാണ് ഹർജിയിൽ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നത്. എഐ ക്യാമറ ഉള്പ്പടെ നിയമപരമായ നടപടികളിലൂടെയല്ല കരാറുകളും ഉപകരാറുകളും നല്കിയതെന്ന് വി ഡി സതീശൻ പറഞ്ഞിരുന്നു. പദ്ധതിയിൽ 132കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്നും പദ്ധതി തന്നെ അഴിമതിക്ക് വേണ്ടിയാണെന്നും കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. പൊതുനന്മയെ കരുതിയാണ് ഹര്ജി നൽകിയതെന്നും വി ഡി സതീശൻ വ്യക്തമാക്കിയിരുന്നു.

സാങ്കേതിക തികവില്ലാത്ത മൂന്ന് കമ്പനികളാണ് കരാറിനു വേണ്ടി മത്സരിച്ചതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. എല്ലാ മാനദണ്ഡങ്ങളെയും മറികടന്നാണ് കരാർ. കണ്ണൂർ ആസ്ഥാനമാക്കിയുള്ള ചില കറക്ക് കമ്പനികളാണ് ഇതിന് പിന്നിലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു.

പദ്ധതിയിൽ നിന്നും പിന്മാറാനുണ്ടായ കാരണങ്ങൾ വിശദീകരിച്ച് ഉപകരാർ ലഭിച്ച ലൈറ്റ് മാസ്റ്റർ കമ്പനി കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. പ്രസാഡിയോ കമ്പനി ആവശ്യപ്പെട്ട പ്രകാരമാണ് 75 കോടിയുടെ കൺസോർഷ്യത്തിൽ സഹകരിച്ചത്. എന്നാൽ ഒരു പ്രത്യേക കമ്പനിയുടെ ക്യാമറ വാങ്ങാൻ ആവശ്യപ്പെട്ടു. ഇതിൽ സംശയം തോന്നിയതോടെ കൺസോർഷ്യത്തിലെ മറ്റ് അംഗങ്ങളെ ഇക്കാര്യം ധരിപ്പിച്ചു. കൂടാതെ ലാഭവിഹിതം 40% ൽ നിന്നും 32 ശതമാനമാക്കി കുറച്ചതും കരാറിൽ നിന്ന് പിന്മാറുന്നതിലേക്ക് നയിച്ചുവെന്ന് ലൈറ്റ് മാസ്റ്റർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. മൊത്തം 75 ലക്ഷം രൂപയാണ് എഐ ക്യാമറ പദ്ധതിയിൽ ഉപകരാർ നേടിയ ലൈറ്റ് മാസ്റ്റർ കമ്പനി മുടക്കിയത്.

To advertise here,contact us