സെക്രട്ടറിയേറ്റ് തമ്പുരാൻ കോട്ടയെന്ന് സ്വാമി സച്ചിദാനന്ദ; സിപിഐഎമ്മിന് അതൃപ്തി

മന്ത്രിയുടെ സാന്നിധ്യത്തിൽ സ്വാമി സർക്കാറിനെ വിമർശിച്ചതിനാലാണ് സിപിഐഎമ്മിന് അതൃപ്തി

തിരുവനന്തപുരം: സംസ്ഥാന സർക്കാറിനെ വിമർശിച്ച് ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. സംസ്ഥാനം പൂർണതോതിൽ സാമൂഹ്യ നീതി കൈവരിച്ചിട്ടില്ലെന്ന് സ്വാമി പറഞ്ഞു. ശിവഗിരിയിൽ ശ്രീനാരായണ ഗുരു ജയന്തി ആഘോഷത്തിന്റെ ഉദ്ഘാടന വേദിയിലായിരുന്നു സ്വാമി സച്ചിദാനന്ദയുടെ വിമർശനം. സെക്രട്ടറിയേറ്റിനെ തമ്പുരാൻ കോട്ടയെന്നും സ്വാമി വിശേഷിപ്പിച്ചു.

അധ്യക്ഷ പ്രസംഗത്തിൽ സ്വാമി സർക്കാറിനെ കടന്നാക്രമിച്ചെങ്കിലും ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി മുഹമ്മദ് റിയാസ് മൗനം പാലിച്ചു. തുടർന്ന് ആശംസ പ്രസംഗത്തിൽ സിപിഐഎം ജില്ലാ സെക്രട്ടറി കൂടിയായ വി ജോയ് എംഎൽഎ സ്വാമിക്ക് മറുപടി നൽകി. പട്ടികജാതിക്കാരെ അമ്പലങ്ങളിൽ പൂജാരിമാരായി നിയമിച്ചത് ഓർക്കണമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിസന്ധി ഉണ്ടായിട്ടും പൂജാരിമാരെ നിയമിക്കുകയായിരുന്നുവെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

മന്ത്രിയുടെ സാന്നിധ്യത്തിൽ സ്വാമി സർക്കാറിനെ വിമർശിച്ചതിൽ സിപിഐഎമ്മിന് അതൃപ്തിയുണ്ട്. പക്ഷെ നിലവിലെ സാഹചര്യത്തിൽ സ്വാമിമാരെ പിണക്കേണ്ടതില്ലെന്നാണ് തീരുമാനം.

To advertise here,contact us