വനിതാ ഡോക്ടര്ക്ക് നേരെ ലൈംഗികാതിക്രമം; എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസെടുത്തു

2019ൽ ആശുപത്രിയിൽ ഹൗസ് സർജൻസി ചെയ്യുമ്പോൾ ബലമായി ചുംബിച്ചു എന്ന വനിതാ ഡോക്ടറുടെ പരാതിയിലാണ് കേസ്

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരായ ലൈംഗികാതിക്രമ പരാതിയിൽ പൊലീസ് കേസെടുത്തു. ബലാത്സംഗകുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ജനറൽ മെഡിസിൻ വിഭാഗം മേധാവിയായിരുന്ന ഡോ. മനോജിനെതിരെയാണ് കേസ്. 2019ൽ ആശുപത്രിയിൽ ഹൗസ് സർജൻസി ചെയ്യുമ്പോൾ ബലമായി ചുംബിച്ചു എന്ന വനിതാ ഡോക്ടറുടെ പരാതിയിലാണ് കേസ്.

കഴിഞ്ഞ ദിവസമാണ് വനിതാ ഡോക്ടർ പരാതി നൽകിയത്. സംഭവത്തിൽ അന്വേഷണം നടത്താന് ആരോഗ്യ വകുപ്പ് ഡയറക്ടര്ക്ക് ആരോഗ്യ വകുപ്പ് മന്ത്രി നിര്ദേശം നല്കിയിരുന്നു. 2019ല് എറണാകുളം ജില്ലാ ആശുപത്രിയില് ഹൗസ് സര്ജന്സി ചെയ്യുമ്പോള് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് വനിതാ ഡോക്ടര് സോഷ്യല് മീഡിയയില് ഇട്ട പോസ്റ്റ് ശ്രദ്ധയില് പെട്ടതിനെ തുടര്ന്നായിരുന്നു മന്ത്രിയുടെ നിര്ദേശം.

ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പ് ഡയറക്ടർക്കും ആശുപത്രി സൂപ്രണ്ടിനും യുവതി പരാതി നൽകിയിട്ടുണ്ട്. ഇ- മെയിൽ മുഖേനയാണ് ആരോഗ്യവകുപ്പ് ഡയറക്ടർക്കും ആശുപത്രി സൂപ്രണ്ടിനും പരാതി നൽകിയിരിക്കുന്നത്.

പരാതി ലഭിച്ച സാഹചര്യത്തിൽ പരിശോധിച്ച ശേഷം പൊലീസിന് കൈമാറുമെന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കിയിരുന്നു. ഈ സംഭവത്തിന് പിന്നാലെ സഹപ്രവർത്തകരോട് വിഷയം പറഞ്ഞിരുന്നതായി വനിതാ ഡോക്ടർ പറഞ്ഞു. എന്നാൽ അന്ന് പരാതിയൊന്നും നൽകിയിരുന്നില്ല. ഇപ്പോഴാണ് ഇതുസംബന്ധിച്ച് കൂടുതൽ വെളിപ്പെടുത്തലുമായി വനിതാ ഡോക്ടർ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത്.

To advertise here,contact us