'ഇ ഡി നോട്ടീസ് നൽകിയിട്ടില്ല'; സതീഷ് കുമാറുമായി സിപിഐഎമ്മിന് ബന്ധമില്ലെന്നും പി കെ ബിജു

ഇ ഡി അറസ്റ്റ് ചെയ്ത പി സതീഷ് കുമാറുമായി സിപിഐഎമ്മിന് ബന്ധമില്ലെന്ന് പി കെ ബിജു

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയിട്ടില്ലെന്ന് മുൻ എംപിയും സിപിഐഎം നേതാവുമായ പി കെ ബിജു. ഇ ഡി അറസ്റ്റ് ചെയ്ത പി സതീഷ് കുമാറുമായി സിപിഐഎമ്മിന് ബന്ധമില്ലെന്നും പി കെ ബിജു വ്യക്തമാക്കി. തനിക്കെതിരെ ആരോപണമുന്നയിച്ച അനിൽ അക്കര അഴിമതിയുടെ കാവൽ നായയാണെന്ന് പി കെ ബിജു പരിഹസിച്ചു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇ ഡി പ്രതിപാതിക്കുന്ന മുൻ എം പി, പി കെ ബിജുവാണെന്നായിരുന്നു കഴിഞ്ഞ ദിവസം അനിൽ അക്കര ആരോപിച്ചത്.

ഇഡി അറസ്റ്റ് ചെയ്ത സതീഷ് കുമാറുമായി ഫോണിൽ സംസാരിച്ചിട്ടില്ലെന്നും ഫോൺ രേഖകൾ കയ്യിലുണ്ടെങ്കിൽ അനിൽ അക്കര പുറത്തുവിടണമെന്നും പി കെ ബിജു വെല്ലുവിളിച്ചു. ഇത് കൂടാതെ സിപിഐഎം അന്വേഷണ ഏജൻസിയല്ലെന്നും പി കെ ബിജു ആവർത്തിച്ചു. പാർട്ടി അംഗങ്ങളായവർ ഏതെങ്കിലുമൊരു സംഭവത്തിൽ ഉൾപ്പെട്ടാൽ വിളിച്ചുചോദിക്കുന്നത് പാർട്ടി രീതിയാണ്. കരുവന്നൂർ വിഷയത്തിലും അവിടുത്തെ പാർട്ടി അംഗങ്ങളോട് ചോദിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങൾ നിലനിൽക്കെ പി കെ ബിജുവും ഇ ഡി ചോദ്യം ചെയ്ത എ സി മൊയ്തീൻ എംഎൽഎയും എൽഡിഎഫ് പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു. തൃശ്ശൂരിൽ എൽഡിഎഫിന്റെ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിലാണ് ഇരുവരും പങ്കെടുത്തത്.

To advertise here,contact us