ബിജെപി നേതൃയോഗം തൃശൂരിൽ; പുതുപ്പള്ളി പരാജയം ചർച്ചയായേക്കും

പുതുപ്പള്ളിയിലെ കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉയരാനാണ് സാധ്യത.

തൃശൂർ: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് ശേഷം ബിജെപിയുടെ ആദ്യ നേതൃയോഗം തൃശ്ശൂരിൽ ചേരുന്നു. തിരഞ്ഞെടുപ്പിൽ ഉണ്ടായ വൻ തിരിച്ചടി ചർച്ചയാകും. പുതുപ്പള്ളിയിലെ കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉയരാനാണ് സാധ്യത. ലോകസഭാ തിരഞ്ഞെടുപ്പ് പ്രധാന ചർച്ചാവിഷയമായേക്കും. ജില്ലാ ജനറൽ സെക്രട്ടറി, ജില്ലാ അധ്യക്ഷൻ, സംസ്ഥാന ഭാരവാഹികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ഇടത് വലത് മുന്നണികൾക്കൊപ്പം പിടിച്ചുനിന്ന് പ്രചാരണം നടത്തിയെങ്കിലും ഫലം പുറത്തുവന്നപ്പോൾ ബിജെപി ദയനീയമായി പരാജയപ്പെട്ടു. ബിജെപി സ്ഥാനാർത്ഥിയായിരുന്ന ലിജിൻ ലാലിന് 6,558 വോട്ട് മാത്രമാണ് നേടാനായത്. ഇത് കനത്ത തോൽവിയായാണ് നേതൃത്വം വിലയിരുത്തുന്നത്.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ നിന്ന് ബിജെപി സ്ഥാനാർഥി എൻ ഹരിയ്ക്ക് 11,694 വോട്ട് ലഭിച്ചിരുന്നു. എന്നാൽ 5136 വോട്ടിന്റെ ഇടിവാണ് ഇത്തവണ ഉണ്ടായത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 15,993 വോട്ടുകളും കിട്ടിയിരുന്നു. 2019ലാകട്ടെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിൽ നിന്ന് ബിജെപിക്ക് 20,911 വോട്ട് ലഭിച്ചിരുന്നു. വോട്ടിൽ വലിയ ഇടിവുണ്ടായ പശ്ചാത്തലത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിന് കൂടുതൽ ശ്രദ്ധ നൽകാൻ ആയിരിക്കും ബിജെപി നീക്കം.

To advertise here,contact us