'കെ ജി ജോർജ് ചലചിത്ര മേഖലക്ക് നൽകിയ സംഭാവനകൾ അവിസ്മരണീയമാണ്'; ഇ പി ജയരാജൻ

പ്രണയം, വിരഹം, പക, തമാശ തുടങ്ങി എല്ലാ വികാരങ്ങളേയും ആസ്വാദകർക്ക് മുന്നിൽ തന്മയത്വത്തോടെ അവതരിപ്പിച്ച കെ.ജി ജോർജ്ജ് ചലചിത്ര മേഖലക്ക് നൽകിയ സംഭാവനകൾ അവിസ്മരണീയമാണ് എന്ന് ഇ പി ജയരാജൻ പറഞ്ഞു

സംവിധായകൻ കെ ജി ജോർജിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. അതിസങ്കീർണ്ണമായവയെ അനായാസേനെ തിരശീലയിലെത്തിക്കാൻ അദ്ദേഹത്തിന്റെ ആഖ്യാനരീതിക്ക് കഴിഞ്ഞിരുന്നു. പ്രണയം, വിരഹം, പക, തമാശ തുടങ്ങി എല്ലാ വികാരങ്ങളേയും ആസ്വാദകർക്ക് മുന്നിൽ തന്മയത്വത്തോടെ അവതരിപ്പിച്ച കെ.ജി ജോർജ്ജ് ചലചിത്ര മേഖലക്ക് നൽകിയ സംഭാവനകൾ അവിസ്മരണീയമാണ് എന്ന് ഇ പി ജയരാജൻ പറഞ്ഞു.

മറക്കാനാവാത്ത നിരവധി സിനിമകൾ അദ്ദേഹം പ്രേക്ഷകർക്ക് സമ്മാനിച്ചു. സ്വപ്നാടനം എന്ന ആദ്യ സിനിമയ്ക്ക് ദേശീയ പുരസ്കാരം നേടിയതാണ് ജോർജ്ജിലെ സംവിധാന മികവെന്നും ഇ പി ജയരാജൻ പറഞ്ഞു. മലയാള ചലച്ചിത്ര രംഗത്തിന് നികത്താനാവാത്ത നഷ്ടമാണ് കെ ജി ജോർജിന്റെ വിയോഗം. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും ഇ പി ജയരാജൻ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു.

ഇന്ന് രാവിലെ എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തില് വെച്ചായിരുന്നു കെ ജി ജോർജിന്റെ അന്ത്യം. വാര്ധക്യസഹജമായ അസുഖങ്ങളെ തുടര്ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ചൊവ്വാഴ്ചയായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക. യവനിക, ഇരകള്, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക് തുടങ്ങിയവ പ്രധാന ചിത്രങ്ങളാണ്. ഇലവങ്കോട് ദേശമാണ് അവസാന സിനിമ.

To advertise here,contact us