'പിടിയിലായവരെല്ലാം ഇടത് ബന്ധമുള്ളവർ'; അഖിൽ സജീവിന്റെ സംരക്ഷകർ ആരെന്ന് അന്വേഷിക്കണമെന്ന് വി ഡി സതീശൻ

'പിടിയിലായവരും ഒളിവിലുള്ളവരുമൊക്കെ മുഖ്യമന്ത്രിയുടെ പാർട്ടിയിലും മുന്നണിയിലുമൊക്കെ ഉൾപ്പെട്ടവരാണ്. അല്ലാതെ മുഖ്യമന്ത്രി പറയുന്നത് പോലെ ചില വ്യക്തികളും മാധ്യമങ്ങളും അല്ല'

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ കൈക്കൂലി ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ന്യായീകരണം അപഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നിയമനത്തട്ടിപ്പും കൈക്കൂലി ഇടപാടും നടന്നിട്ടുണ്ടെന്ന് ഇതിനകം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ അത് സിപിഐഎമ്മിൽ നിന്നും ഇടത് മുന്നണിയിൽ നിന്നുമാകും. കൈക്കൂലി ആരോപണം ഗൂഢാലോചനയാണെന്നും അതിന് പിന്നിൽ ചില വ്യക്തികളും മാധ്യമങ്ങളുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞതിനെതിരെയാണ് വി ഡി സതീശന്റെ പ്രതികരണം.

പിടിയിലായവരും ഒളിവിലുള്ളവരുമൊക്കെ മുഖ്യമന്ത്രിയുടെ പാർട്ടിയിലും മുന്നണിയിലുമൊക്കെ ഉൾപ്പെട്ടവരാണ്. അല്ലാതെ മുഖ്യമന്ത്രി പറയുന്നത് പോലെ ചില വ്യക്തികളും മാധ്യമങ്ങളും അല്ല. മുഖ്യപ്രതിയെന്ന് പൊലീസ് പറയുന്ന അഖിൽ സജീവ് ആരാണ്? സിഐടിയു പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയായിരുന്ന ഇയാൾ നേരത്തെയും തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് ജില്ലയിലെ ഉത്തരവാദിത്തപ്പെട്ട സിപിഐഎം നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. ഇയാൾക്ക് ഇപ്പോഴും സിപിഐഎം നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. അഖിൽ സജീവിന്റെ സംരക്ഷകർ ആരൊക്കെയാണ് എന്നത് കൂടി അന്വേഷിക്കണം. അപ്പോൾ ആരാണ് ഗൂഢാലോചന നടത്തിയതെന്ന് വ്യക്തമാകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

യാഥാർത്ഥ്യങ്ങളൊക്കെ പൊതുസമൂഹത്തിന് മുന്നിൽ നിലനിൽക്കെയാണ് മുഖ്യമന്ത്രി പാർട്ടി അണികൾക്ക് മുന്നിൽ ഗൂഢാലോചന സിദ്ധാന്തം അവതരിപ്പിച്ചത്. യുക്തിരഹിതമായ കള്ളം പറഞ്ഞാലും കൈ അടിക്കുന്ന പാർട്ടി അണികളുടെ മനോനിലയല്ല ബഹുഭൂരിപക്ഷം വരുന്ന പൊതു സമൂഹത്തിൻ്റേതുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓർക്കണമെന്നും വി ഡി സതീശൻ പറഞ്ഞു.

അറസ്റ്റിലായ അഖിൽ സജീവിന്റെ പേരിൽ പത്തോളം കേസുകൾ ഉണ്ടെന്ന് റിമാന്റ് റിപ്പോർട്ടിൽ പറയുന്നു. ഒന്നിലധികം തട്ടിപ്പ് കേസുകൾ അഖിൽ സജീവിന്റെ സ്വഭാവം വെളിപ്പെടുത്തുന്നു. അഖിൽ സജീവ് ഒളിവിൽ താമസിച്ചപ്പോൾ ആരുടെയൊക്കെ സഹായം ലഭിച്ചു എന്നറിയണം. അഖിൽ സജീവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് വന്ന തുക എങ്ങനെ വിനയോഗിച്ചു എന്നറിയണം. വ്യാജ ഡോക്യുമെന്റുകൾ എങ്ങനെ തയ്യാറാക്കി എന്നത് അന്വേഷിക്കണം.

വ്യാജ ഡോക്യുമെന്റുകൾ തയ്യാറാക്കുന്നതിന് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നറിയണമെന്നതടക്കമുള്ള കാര്യങ്ങളാണ് റിമാന്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. അഖിൽ സജീവിനെ അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. അഖിലിനെ കൂടുതൽ ചോദ്യം ചെയ്യലിനായി ഏഴ് ദിവസത്തേക്ക് കസ്റ്റഡിയിൽ നൽകണമെന്ന് പൊലീസ് അപേക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോടതി ഇയാളെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ഈ മാസം 12 ന് കോടതിയിൽ ഹാജരാക്കണം.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

To advertise here,contact us