താനൂർ കസ്റ്റഡിക്കൊലപാതകം; മജിസ്ട്രേറ്റിന് മുന്നിൽ മൊഴി നൽകാൻ സാക്ഷികൾക്ക് നിർദേശം

എറണാകുളം സിബിഐ കോടതിയിലെത്തി മൊഴി കൊടുക്കാനാണ് നിർദേശം

കൊച്ചി: താനൂർ കസ്റ്റഡിക്കൊലപാതകത്തിൽ സിബിഐ അന്വേഷണം നിർണായക ഘട്ടത്തിൽ. കേസിലെ പ്രധാന സാക്ഷികളോട് മജിസ്ട്രേറ്റിന് മുന്നിൽ മൊഴി നൽകാൻ സിബിഐ നിർദേശം നൽകി. മൻസൂർ, കെ ടി മുഹമ്മദ്, ജബീർ, ആബിദ് എന്നിവരോടാണ് മൊഴികൊടുക്കാൻ നിർദേശം നൽകിയത്. താമിറിനൊപ്പം കസ്റ്റഡിയിലെടുത്ത് പൊലീസ് വിട്ടയച്ച ഏഴംഗ സംഘത്തിൽപ്പെട്ട യുവാക്കളാണ് ഇവർ. ഇവരെ കൂടാതെ മറ്റു രണ്ട് ദൃക്സാക്ഷികളും മൊഴി നൽകും.

എറണാകുളം സിബിഐ കോടതിയിലെത്തി മൊഴി കൊടുക്കാനാണ് നിർദേശം. യുവാക്കളുടെ വിശദമായ മൊഴി നേരത്തെ സിബിഐ രേഖപ്പെടുത്തിയിരുന്നു. താമിർ ജിഫ്രിയെ മർദ്ദിക്കുന്നത് നേരിട്ട് കണ്ട ഇവരുടെ മൊഴി കേസിൽ ഏറ്റവും നിർണായകമാകും.

ഓഗസ്റ്റ് ഒന്നിനാണ് പൊലീസ് കസ്റ്റഡിയിലിരിക്കെ താമിർ ജിഫ്രി കൊല്ലപ്പെട്ടത്. കുടുംബം നടത്തിയ നിയമ പോരാട്ടത്തിന് ഒടുവിലാണ് കേസ് സിബിഐ അന്വേഷിക്കുന്നത്. പൊലീസ് തിരക്കഥകൾ പൊളിച്ചു കൊണ്ട് റിപ്പോർട്ടർ ടിവി പുറത്തുകൊണ്ടുവന്ന തെളിവുകൾ കേസിൽ വളരെയേറെ നിർണായകമായി. കേസ് അട്ടിമറിക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം നടത്തിയ ഇടപെടലുകളും അട്ടിമറി ശ്രങ്ങളും റിപ്പോർട്ടറിലൂടെയാണ് പുറംലോകമറിഞ്ഞത്.

To advertise here,contact us