ഗണേഷ് കുമാറിനെ ഉൾപ്പെടുത്തിയാൽ മന്ത്രിസഭയുടെ മുഖം വികൃതമാകും: വെള്ളാപ്പള്ളി നടേശൻ

അച്ഛനും മകനും കൂടി മുടിപ്പിച്ചതാണ് ട്രാൻസ്പോർട്ട് വകുപ്പെന്നും അദ്ദേഹം ആരോപിച്ചു

ആലപ്പുഴ: കെ ബി ഗണേഷ് കുമാറിനെ ഉൾപ്പെടുത്തിയാൽ മന്ത്രിസഭയുടെ മുഖം വികൃതമാകുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. രാഷ്ട്രീയ പ്രവർത്തനത്തിനായാലും പൊതുപ്രവർത്തനത്തിനായാലും സ്വഭാവശുദ്ധി വേണം. മുഖം മിനുക്കാനായി പിണറായി സർക്കാർ മന്ത്രിമാരെ അങ്ങോട്ടും ഇങ്ങോട്ടും മാറ്റിയാൽ വെളുക്കാൻ തേച്ചത് പാണ്ടാകുമെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. അച്ഛനും മകനും കൂടി മുടിപ്പിച്ചതാണ് ട്രാൻസ്പോർട്ട് വകുപ്പെന്നും അദ്ദേഹം ആരോപിച്ചു.

ജാതി സെൻസസ് എടുക്കണമെന്നു തന്നെയാണ് തന്റെ അഭിപ്രായം. അതെടുത്തിട്ട് കവറിലാക്കി അവിടെ അടച്ചുവയ്ക്കാനല്ല. ഇവിടത്തെ പിന്നോക്കക്കാരനും പട്ടികജാതിക്കാരനും അധികാരത്തിനുള്ള പങ്കാളിത്തം ജനസംഖ്യാനുപാതികമായി കൊടുക്കുമെന്ന് പറയണം. അല്ലാത്തപക്ഷം ഈ കണക്കെടുക്കുന്നത് ജനങ്ങളെ പറ്റിക്കലാണെന്നും തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണിതെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.

ഭരണത്തത്തിലുള്ള പങ്കാളിത്തമാണ് പ്രധാനം. അതല്ലാതെ സെന്സസ് എടുക്കുന്നതുകൊണ്ട് എന്താണ് കാര്യം. ഇക്കാര്യത്തില് ഇൻഡ്യ മുന്നണിയിലെ കക്ഷികള്ക്ക് യോജിപ്പുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

To advertise here,contact us