'വിഴിഞ്ഞത്ത് ഇറങ്ങാന് ചൈനീസ് പൗരന്മാരെ അനുവദിച്ചത് മോദി-അദാനി ബന്ധത്തിന്റെ തെളിവ്': ജയറാം രമേശ്

കേന്ദ്രത്തിന്റെ നടപടി സുരക്ഷാ മാനദണ്ഡങ്ങള് ലംഘിച്ചാണെന്നും കോണ്ഗ്രസ്

ന്യൂഡല്ഹി: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യമായി എത്തിയ ചൈനീസ് കപ്പലിലെ ജീവനക്കാര്ക്ക് ബര്ത്തില് ഇറങ്ങാന് കേന്ദ്രം അനുമതി നല്കിയതിനെ വിമര്ശിച്ച് കോണ്ഗ്രസ് നേതാവ് ജയറാം രമേശ്. സുരക്ഷാ മാനദണ്ഡങ്ങള് ലംഘിച്ചാണ് കേന്ദ്രസര്ക്കാര് നടപടിയെന്ന് ജയറാം രമേശ് വിമര്ശിച്ചു. ചൈനീസ് പൗരന്മാര്ക്ക് തുറമുഖത്ത് ഇറങ്ങാന് അനുമതി നല്കാനാവില്ലെന്നാണ് നിയമം. നടപടി മോദി-അദാനി ബന്ധത്തിന്റെ തെളിവാണെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി.

ഒരു കമ്പനിക്കായി ചൈനീസ് പൗരന്മാരെ അനധികൃതമായി പ്രവര്ത്തിക്കാന് കേന്ദ്രം അനുവദിക്കുകയാണ്. പ്രത്യേക കാരണങ്ങളാല് കപ്പലിലെ ജീവനക്കാര്ക്ക് വിസയില്ലാതെ തന്നെ ഇറങ്ങാന് അനുമതി നല്കാറുണ്ടെങ്കിലും അഫ്ഗാനിസ്ഥാന്, ചൈന, എത്യോപിയ, ഇറാഖ്, പാകിസ്ഥാന്, സോമാലിയ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില് നിന്നുള്ളവര്ക്ക് ഇറങ്ങാന് അനുമതി നല്കാന് പാടില്ലെന്നുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നതെന്നും ഇത് നിയമവിരുദ്ധമാണെന്നുമാണ് ജയറാം രമേശ് ചൂണ്ടികാട്ടുന്നത്.

കഴിഞ്ഞ ദിവസമാണ് ചൈനീസ് കപ്പലായ ഷെന് ഹുവ-15 ലെ മുഴുവന് ജീവനക്കാര്ക്കും കരയിലിറങ്ങാന് അനുമതി ലഭിച്ചത്.

To advertise here,contact us