കളമശേരി ബോംബ് സ്ഫോടനം: ഡൊമിനികിന്റെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വിശദമായ മൊഴിയെടുക്കും

യൂട്യൂബ് നോക്കി നിർമ്മിക്കാൻ കഴിയുന്ന തരം ബോംബല്ല ഇതെന്നും കേന്ദ്ര ഏജൻസികൾ പറയുന്നു

കൊച്ചി: കളമശേരി ബോംബ് സ്ഫോടന കേസിൽ റിമാൻഡ് ചെയ്ത ഡൊമിനിക് മാർട്ടിന്റെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വിശദമായ മൊഴി ദേശീയ അന്വേഷണ ഏജൻസികൾ വീണ്ടുമെടുക്കും. ഡൊമിനിക് ഉപയോഗിച്ച മോബൈൽ ഫോണുകളും, ഇ-മെയിൽ വിവരങ്ങളും വിശദമായി പരിശോധിക്കും. തെളിവായി ലഭിച്ച ഇലട്രോണിക്ക് ഡിവൈസുകൾ ഫോറൻസിക് പരിശോധനയ്ക്ക് വിടാനും അന്വേഷണ സംഘം തീരുമാനിച്ചു.

സ്ഫോടനം നടന്ന ദിവസം സാമ്ര കൺവെൻഷൻ സെൻ്ററിനും പരിസരത്തിനും സമീപം വന്ന് പോയ ഫോൺ വിളികളുടെ വിവരങ്ങളും വിശദമായി പരിശോധിക്കുകയാണ്. സമീപ ദിവസങ്ങളിൽ ഡൊമിനിക്കിന് വന്ന ഫോൺ വിളികളും അന്വേഷണ സംഘത്തിൻ്റെ പരിതിയിലാണ്. ദേശീയപാതയോടു ചേർന്നുള്ള ഫ്ലാറ്റിന്റെ ടെറസിൽ വച്ചാണ് ബോംബ് ഉണ്ടാക്കിയത്.

ഡൊമിനിക് മാർട്ടിൻ റിമാൻഡിൽ; റിമാൻഡ് റിപ്പോർട്ട് പുറത്ത്

യൂട്യൂബ് നോക്കി നിർമ്മിക്കാൻ കഴിയുന്ന തരം ബോംബല്ല ഇതെന്നും കേന്ദ്ര ഏജൻസികൾ പറയുന്നു. ആദ്യ ശ്രമത്തിൽത്തന്നെ ഉഗ്രശേഷിയുള്ള ബോംബ് വിജയകരമായി നിർമ്മിക്കാനും റിമോട്ട് ഉപയോഗിച്ച് നിയന്ത്രിക്കാനും ഒരാൾക്ക് തനിച്ച് കഴിയില്ലെന്നാണ് വിലയിരുത്തൽ. പ്രതിയെ കസ്റ്റഡിയിൽ ലഭിച്ചാൽ ഉടൻ വീണ്ടും ചോദ്യം ചെയ്യാനാണ് തീരുമാനം.

To advertise here,contact us