അമ്മയുടെ മുത്തം വാങ്ങാനായില്ല, നാടിന്റെ നോവായി ലിബ്ന; കണ്ണീർക്കാഴ്ചയായി പൊതുദർശനം , സംസ്കാരം ഇന്ന്

സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന അമ്മയെയും സഹോദരനെയും കാണിക്കാനാണ് അഞ്ച് ദിവസം മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്നത്. എന്നാൽ ഇവർക്ക് കാര്യമായ ആരോഗ്യ പുരോഗതി ഇല്ലാത്ത സാഹചര്യത്തിൽ സംസ്കാരം നടത്താൻ അച്ഛൻ പ്രദീപൻ തീരുമാനിക്കുകയായിരുന്നു.

കൊച്ചി: കളമശേരി സ്ഫോടനത്തിൽ മരിച്ച 12 വയസുകാരി ലിബ്നയുടെ സംസ്കാരം ഇന്ന് നടക്കും. മലയാറ്റൂർ നീലിശ്വരം എസ് എൻ ഡി പി സ്കൂളിൽ പൊതുദർശനത്തിന് എത്തിച്ച മൃതദേഹത്തിൽ അധ്യാപകരും സഹപാഠികളുമടക്കം നിരവധി പേർ അന്ത്യാഞ്ജലി അർപ്പിച്ചു. രാവിലെ പത്തരയോടെയാണ് മൃതദേഹം സ്കൂളിലെത്തിച്ചത്. തുടർന്ന് മൃതദേഹം ലിബ്നയുടെ വീട്ടിലെത്തിച്ചു. വൈകിട്ട് നാല് മണിക്ക് കൊരട്ടി യഹോവയുടെ സാക്ഷികൾ സെമിത്തേരിയിലാണ് സംസ്കാരം.

സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന അമ്മയെയും സഹോദരനെയും കാണിക്കാനാണ് അഞ്ച് ദിവസം മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്നത്. എന്നാൽ ഇവർക്ക് കാര്യമായ ആരോഗ്യ പുരോഗതി ഇല്ലാത്ത സാഹചര്യത്തിൽ സംസ്കാരം നടത്താൻ അച്ഛൻ പ്രദീപൻ തീരുമാനിക്കുകയായിരുന്നു. അമ്മയുടെ അന്ത്യചുംബനം ഏറ്റുവാങ്ങാൻ പോലും കഴിയാതെയുള്ള ലിബ്നയുടെ മടക്കയാത്ര നാടിനാകെ നെഞ്ചുപൊട്ടുന്ന വേദനയാണ്.

സ്ഫോടനത്തിൽ ലിബ്നയ്ക്ക് 95 ശതമാനം പൊള്ളലേറ്റിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ലിബ്നയെ രക്ഷിക്കാൻ കഴിഞ്ഞില്ല. അമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പമാണ് ലിബ്ന യഹോവയുടെ സാക്ഷികളുടെ സമ്മേളനത്തിന് എത്തിയത്.

To advertise here,contact us