വയർലസ് സന്ദേശം ചോർത്തിയെന്ന കേസ്; ഷാജൻ സ്കറിയയ്ക്കെതിരെ കേസെടുക്കാൻ നിർദേശം

സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി 15 ലധികം കേസുകൾ ഷാജൻ സ്കറിയക്ക് എതിരെയുണ്ട്

കൊച്ചി: വയർലസ് സന്ദേശം ചോർത്തിയെന്ന കേസിൽ മറുനാടൻ മലയാളി ഓണ്ലൈൻ ചാനൽ ഉടമ ഷാജൻ സ്കറിയയ്ക്ക് എതിരെ കേസെടുക്കാൻ നിർദേശം. ഗൂഗിൾ ഇന്ത്യയ്ക്ക് എതിരെയും കേസ് എടുക്കണമെന്നും കോടതി ഉത്തരവിട്ടു. എറണാകുളം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.

ഷാജൻ സ്കറിയ പൊലീസിന്റെ വയർലെസ് സന്ദേശങ്ങൾ ചോർത്തിയെന്നാരോപിച്ച് പി വി അൻവർ എംഎല്എ ഡിജിപിക്ക് പരാതി നൽകിയിരുന്നു. സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി 15 ലധികം കേസുകൾ ഷാജൻ സ്കറിയക്ക് എതിരെയുണ്ട്. ഷാജൻ സ്കറിയയുടെ പ്രവർത്തി സൈബർ തീവ്രവാദമാണ്. പരാതിയിൽ പ്രഥമ ദൃഷ്ട്യാ കഴമ്പുണ്ടെന്നും മജിസ്ട്രേറ്റ് കോടതി പറഞ്ഞു. കേസ് എടുക്കാൻ പാലാരിവട്ടം പൊലീസിന് നിർദേശം നൽകി.

ഷാജൻ സ്കറിയ അറസ്റ്റില്

നേരത്തെ വ്യാജ രേഖ ചമച്ച കേസിൽ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്തിരുന്നു. നിലമ്പൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ സ്റ്റേഷനിൽ ഹാജരായ സമയത്ത് ഷാജൻ സ്കറിയയെ തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ബിഎസ്എൻഎൽ ബിൽ വ്യാജമായി നിർമ്മിച്ചു എന്ന കേസിലായിരുന്നു അറസ്റ്റ്. ഡൽഹി സ്വദേശിയും മലയാളിയുമായ രാധാകൃഷ്ണന് നൽകിയ പരാതിയിലാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്.

To advertise here,contact us