'ലോകായുക്ത വിധി തന്നെ സ്വജനപക്ഷപാതപരം'; രമേശ് ചെന്നിത്തല

'ക്രമക്കേട് ഉണ്ടെന്ന് സമ്മതിക്കുന്ന ലോകായുക്ത കണ്ടെത്തൽ ഉണ്ടായിട്ടും സ്വജനപക്ഷപാതം ഉണ്ടായില്ലെന്ന വാദം മുൻനിർത്തി ഹർജി തള്ളിയത് വിചിത്രമാണ്'

തിരുവനന്തപുരം: സ്വജനപക്ഷപാതം ഇല്ല എന്ന ലോകായുക്തവിധി തന്നെ സ്വജനപക്ഷപാതത്തിന് ഏറ്റവും വലിയ ഉദാഹരണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സർക്കാർ വിലാസ സംഘടനയായി ലോകായുക്ത അധ:പതിച്ചു. ഈ വിധി പ്രതീക്ഷിച്ചതാണ്. ലോകായുക്തയുടെ ഓരോ സിറ്റിംഗിലും സർക്കാരിനെയും മുഖ്യമന്ത്രിയെയും വെള്ളപൂശാനാണ് ലോകായുക്ത ശ്രമിച്ചത്. പലപ്പോഴും ഹർജിക്കാരനെ മോശമായിട്ടാണ് വിമർശിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ക്രമക്കേട് ഉണ്ടെന്ന് സമ്മതിക്കുന്ന ലോകായുക്ത കണ്ടെത്തൽ ഉണ്ടായിട്ടും സ്വജനപക്ഷപാതം ഉണ്ടായില്ലെന്ന വാദം മുൻനിർത്തി ഹർജി തള്ളിയത് വിചിത്രമാണ്. ഉദ്ദിഷ്ട കാര്യത്തിനുള്ള ഉപകാരസ്മരണയാണ് വിധിയെന്ന കാര്യത്തിൽ സംശയമില്ലെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാണിച്ചു.

മുഖ്യമന്ത്രിക്കെതിരായ കേസ് നിർണ്ണായകഅവസ്ഥയിൽ നിൽക്കുമ്പോൾ മുഖ്യമന്ത്രി നൽകിയ അത്താഴ വിരുന്നിൽ ജഡ്ജിമാർ പങ്കെടുത്തപ്പോൾത്തന്നെ കേസിൻ്റെ വിധി ഇത്തരത്തിൽത്തന്നെയാകുമെന്ന് അന്ന് താൻ പറഞ്ഞതാണെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാണിച്ചു. ലോകായുക്തയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നതാണ് വിധിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

To advertise here,contact us