തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്രകലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പത്തനംതിട്ട ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ടയിലെ കുന്നന്താനത്ത് 143 മില്ലി മീറ്റർ മഴ പെയ്തു. ജില്ലയിൽ രണ്ടിടത്ത് ഉരുൾ പൊട്ടി. മഴ ശക്തമായതോടെ പത്തനംതിട്ടയിലെ മലയോരമേഖലയിലൂടെയുള്ള യാത്രയ്ക്ക് നിയന്ത്രണമേർപ്പെടുത്തി.
മലയോരമേഖലകളിലേക്കുമുള്ള എല്ലാ യാത്രകളും രാത്രി ഏഴ് മുതല് രാവിലെ ആറ് വരെ നിരോധിച്ചു. നവംബർ 24 വരെയാണ് നിയന്ത്രണം തുടരുക. വിനോദ സഞ്ചാരത്തിനായുള്ള കയാക്കിംഗ് കുട്ടവഞ്ചി സവാരി, ബോട്ടിംഗ് എന്നിവയ്ക്കും നിരോധനമേർപ്പെടുത്തി. എന്നാൽ ശബരിമല തീര്ത്ഥാടകര്ക്ക് നിരോധനം ബാധകമല്ല. തീര്ത്ഥാടകര് ശബരിമലയിലേക്കും തിരിച്ചുമുള്ള രാത്രി യാത്രകളില് ജാഗ്രത പുലർത്തണമെന്നും നിർദേശിച്ചു. തിരുവനന്തപുരത്തും മഴ ശക്തമാകുകയാണ്. ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചതോടെ പൊന്മുടി ടൂറിസം കേന്ദ്രം അടച്ചു.
ഇടുക്കിയിൽ ശക്തമായ മഴ; പത്തനംതിട്ടയിൽ ഉരുൾപൊട്ടൽ
മഴ ഇതുവരെ ( മില്ലി മീറ്റർ)
കുന്നന്താനം - 143
പീരുമേട് - 115
വെൺകുറിഞ്ഞി - 84
പാമ്പാടുപറ - 77
മണ്ണാർക്കാട് - 75
ഇടമലയാർ - 74
നിലമ്പൂർ - 73
നെയ്യാറ്റിൻകര - 68
സീതത്തോട് - 65
തിരുവനന്തപുരം സിറ്റി - 57
കീരമ്പാറ - 54
വെള്ളാനിക്കര - 53
പേരുങ്കടവിള - 53
പൂഞ്ഞാർ - 52
നീലീശ്വരം - 50
ചെറുതോണി - 50
ഒറ്റപ്പാലം - 49
തിരുവല്ല - 49
വാഴക്കുന്നം - 49
കുമരകം - 48
തൊടുപുഴ - 45