തിരുവനന്തുപരം: വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ സി ആർ കാർഡ് ആപ്പിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. തൃക്കരിപ്പൂർ സ്വദേശി ജയ്സൺ മുകളേൽ ആണ് പ്രധാന കണ്ണി. കാസർഗോഡ് കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റാണ് ജയ്സൺ. സി ആർ കാർഡ് ആപ്പിൽ നിന്ന് കണ്ടെത്തിയ മദർ കാർഡ് ഉടമയുടെ പ്രതികരണം അടിസ്ഥാനമാക്കിയാണ് അന്വേഷണം. ജയ്സൺ വ്യാജ കാർഡ് നിർമ്മാണത്തിൽ മുഖ്യ കണ്ണിയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇതിനിടെ വ്യാജ തിരഞ്ഞെടുപ്പ് ഐഡി കേസിൽ അറസ്റ്റിലായ നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും കർശന ഉപാധികളോടെ ജാമ്യം ലഭിച്ചു. വാദത്തിനിടെ അന്വേഷണ ഉദ്യോഗസ്ഥനേയും പൊലീസിനേയും കോടതി വിമർശിച്ചു. നിയമപരമായ കാര്യങ്ങൾ പാലിക്കാതെയായിരുന്നു കസ്റ്റഡിയും അറസ്റ്റുമെന്ന് കോടതി നിരീക്ഷിച്ചു.
വ്യാജ ഐഡി കേസ്: നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും ഉപാധികളോടെ ജാമ്യം
വ്യാജ തിരഞ്ഞെടുപ്പ് ഐഡി കേസിൽ ഒന്നാംപ്രതി ഫെന്നി നൈനാൻ, രണ്ടാം പ്രതി ബിനിൽ, മൂന്നാംപ്രതി അഭി വിക്രം നാലാം പ്രതിവിതി വികാസ് കൃഷ്ണ എന്നിവർക്കാണ് തിരുവനന്തപുരം സിജെഎം കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. രാജ്യം വിട്ടുപോകാൻ പാടില്ല, 27-ാം തീയതി വരെ രാവിലെ 10 മുതൽ വൈകീട്ട് നാലുവരെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. അതിന് ശേഷം എല്ലാ ചൊവ്വാഴ്ചയും ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. പിന്നീട് എല്ലാ ശനിയാഴ്ചകളിലും ഹാജരാവണം എന്നിങ്ങനെയാണ് ഉപാധികൾ.