'പമ്പയിലേക്ക് സർവീസുമായി പോകും'; റോബിൻ ഗിരീഷിന് ജാമ്യം

ഒരു സ്വകര്യ ബാങ്കിലെ ചെക്ക് മടങ്ങിയതുമായി ബന്ധപ്പെട്ട കേസ് ആണെന്നും അറസ്റ്റ് പ്രതികാര നടപടിയാണെന്നും ജാമ്യം ലഭിച്ച ശേഷം ഗിരീഷ് മാധ്യമങ്ങളോട് പറഞ്ഞു.

കൊച്ചി: റോബിൻ ബസ് നടത്തിപ്പുകാരൻ ബേബി ഗിരീഷിന് ജാമ്യം ലഭിച്ചു. ഉപാധികളില്ലാതെയാണ് ജാമ്യം ലഭിച്ചത്. ഗിരീഷിനെ ഇന്ന് ഉച്ചയോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈരാറ്റുപേട്ടയിലെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. 2012ലെ ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് നടപടിയെന്നാണ് വിവരം. കോടതി വാറണ്ടിനെ തുടർന്നാണ് അറസ്റ്റ്. പമ്പയിലേക്ക് സർവീസുമായി പോകുമെന്നാണ് ജാമ്യം ലഭിച്ചതിന് പിന്നാലെ ഗിരീഷ് പറഞ്ഞത്. തനിക്കെതിരെ പ്രതികാര നടപടികൾ സ്വീകരിക്കുന്നത് ഗതാഗത സെക്രട്ടറിയാണെന്നും ഗിരീഷ് ആരോപിച്ചു.

ഇന്ന് രാവിലെ 11:30 ക്കാണ് കോട്ടയം ഇടമറുകിലുള്ള വീട്ടിൽ പാലാ പൊലീസ് എത്തി ഗിരീഷിനെ അറസ്റ്റ് ചെയ്തത്. ദീർഘകാലമായി നിലനിൽക്കുന്ന വാറന്റ് നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. ഒരു സ്വകാര്യ ബാങ്കിലെ ചെക്ക് മടങ്ങിയതുമായി ബന്ധപ്പെട്ട കേസാണെന്നും അറസ്റ്റ് പ്രതികാര നടപടിയാണെന്നും ജാമ്യം ലഭിച്ച ശേഷം ഗിരീഷ് മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ റോബിൻ ഗിരീഷിനെതിരെ മൂത്ത സഹോദരൻ ബേബി ഡിക്രൂസ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. തന്നെ ഗിരീഷ് വര്ഷങ്ങളായി പീഡിപ്പിക്കുകയും അര്ഹമായ സ്വത്തുക്കളും വസ്തുക്കളും കയ്യടക്കി ജീവിക്കുകയും ചെയ്യുകയാണെന്നായിരുന്നു പരാതി. റോബിന്റെ ഭീഷണി മൂലം 20 വർഷത്തോളമായി താനും കുടുംബവും ഒളിവിലെന്ന പോലെ പല സ്ഥലങ്ങളിൽ മാറി മാറി കഴിയുകയാണ്. രോഗിയായ തന്റെ അമ്മയെ കാണുന്നതിന് പോലും റോബിൻ അനുവദിക്കുന്നില്ല. മുഖ്യമന്ത്രി ഇടപെട്ട് അമ്മയെ കാണാനുള്ള സൗകര്യം ഉണ്ടാക്കണമെന്നും സഹോദരൻ കത്തിൽ ആവശ്യപ്പെടുന്നുണ്ട്

റോബിൻ ഗിരീഷ് അറസ്റ്റിൽ; നടപടി 2012ലെ ചെക്ക് കേസിൽ

തന്നെയും പ്രായമായ പിതാവിനെയും ഗിരീഷ് വീട്ടിൽ നിന്ന് ഇറക്കിവിട്ടു. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് കുട്ടികളെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. പൊലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. ഇപ്പോഴും ഭീഷണി ഭയന്നാണ് ജീവിക്കുന്നത്. മുഖ്യമന്ത്രി ഇടപെട്ട് ഞങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കണമെന്ന് അപേക്ഷിക്കുന്നതായും കത്തിൽ ബേബി ഡിക്രൂസ് ആവശ്യപ്പെടുന്നു.

To advertise here,contact us