ബിനോയ് വിശ്വത്തിന് സിപിഐ സംസ്ഥാന സെക്രട്ടറി ചുമതല

തീരുമാനം ഐകകണ്ഠേനയെന്നും സംഘാടകനെന്ന നിലയിൽ കരുത്തുറ്റ നേതാവാണ് ബിനോയ് വിശ്വമെന്നും ഡി രാജ

കോട്ടയം: സിപിഐ സംസ്ഥാന സെക്രട്ടറി ചുമതല ബിനോയ് വിശ്വത്തിന്. കാനം രാജേന്ദ്രൻ്റെ വിയോഗത്തോടെയാണ് സിപിഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല ബിനോയ് വിശ്വത്തെ ഏൽപ്പിക്കുന്നത്. കോട്ടയത്ത് ചേർന്ന സംസ്ഥാന എക്സിക്യൂട്ടിവിലാണ് തീരുമാനം. തീരുമാനം ഐകകണ്ഠേനയെന്നും സംഘാടകനെന്ന നിലയിൽ കരുത്തുറ്റ നേതാവാണ് ബിനോയ് വിശ്വമെന്നും ദേശീയ സെക്രട്ടറി ഡി രാജ പറഞ്ഞു.

പാർട്ടിയെ ശക്തിപ്പെടുത്തി മുന്നോട്ടു പോകാൻ ബിനോയ് വിശ്വത്തിന് കഴിയും. മറ്റൊരു പേരും ചർച്ചയിൽ വന്നില്ലെന്നും ഡിസംബർ 28 ന് ചേരുന്ന സംസ്ഥാന കൗൺസിൽ തീരുമാനത്തിന് അംഗീകാരം നൽകുമെന്നും ഡി രാജ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കാനത്തിന്റെ വിയോഗം കനത്ത നഷ്ടമെന്നും അദ്ദേഹം തൊഴിലാളിവർഗത്തിനായി നിലകൊണ്ട നേതാവാണെന്നും ഡി രാജ കൂട്ടിച്ചേർത്തു.

ഏറെ പ്രിയപ്പെട്ട പുളിഞ്ചുവട്ടിൽ ഇനി അന്ത്യവിശ്രമം; ചിതയിലമർന്ന് പ്രിയ സഖാവ്; കാനത്തിന് വിട

പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തമെന്ന് ബിനോയ് വിശ്വം പ്രതികരിച്ചു. സംസ്ഥാന കൗൺസിൽ അംഗീകാരം നൽകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മഹാരഥൻമാർ ഇരുന്ന കസേരയിൽ ഇരിക്കാൻ അവരുടെയത്ര യോഗ്യനല്ല താനെന്നും എന്നാൽ കഴിവിനൊത്ത് പ്രവർത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

To advertise here,contact us