തൃശൂര്: സഭയിൽ മാർപാപ്പയുടേതാണ് അവസാന വാക്കെന്ന് തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. കത്തോലിക്ക സഭയിൽ പരമാധികാരം മാർപാപ്പയ്ക്കാണ്. സുപ്രീംകോടതി ഒരു വിധി പറയുന്നതുപോലെയാണ് കത്തോലിക്ക സഭയിൽ മാർപാപ്പയുടെ വാക്കുകൾ. വിശ്വാസികൾ അത് അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സഭ ഏൽപിച്ച ദൗത്യമെല്ലാം സ്വീകരിക്കുന്നുവെന്നും പുതിയ പദവികൾക്ക് ഒന്നും താൽപര്യമില്ലെന്നും ആൻഡ്രൂസ് താഴത്ത് പറഞ്ഞു. എറണാകുളം- അങ്കമാലി രൂപതയുടെ വിഷയത്തിൽ പ്രതികരിക്കാനില്ലെന്നു പറഞ്ഞ അദ്ദേഹം എല്ലാ വിഭാഗം ജനപ്രതിനിധികളേയും ബഹുമാനിക്കുന്നുവെന്നും കൂട്ടിച്ചേര്ത്തു. കുര്ബാന തർക്കം രൂക്ഷമായ സാഹചര്യത്തില് അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്റർ സ്ഥാനം ആൻഡ്രൂസ് താഴത്ത് ഒഴിഞ്ഞിരുന്നു.
കുര്ബാന തര്ക്കം: എറണാകുളം-അങ്കമാലി അതിരൂപതയില് നടക്കുന്നത് വൈദിക ലഹളയെന്ന് വിമര്ശനം
ജസ്റ്റിസ് കുര്യൻ ജോസഫിന്റേത് വ്യക്തിപരമായ അഭിപ്രായമെന്നും ആൻഡ്രൂസ് താഴത്ത് പ്രതികരിച്ചു. മാർപാപ്പയ്ക്കും തെറ്റുപറ്റാമെന്നും അദ്ദേഹത്തിനു മുന്നിൽ അത് ചൂണ്ടിക്കാണിക്കാനുള്ള ആർജ്ജവം അധികാരപ്പെട്ടവർ കാണിക്കണമെന്നും സുപ്രീം കോടതി മുൻ ജസ്റ്റിസ് കുര്യൻ ജോസഫ് പറഞ്ഞിരുന്നു.
അതേസമയം മാർപാപ്പയുടെ ഉത്തരവിനെ വെല്ലുവിളിക്കുന്ന എറണാകുളം അങ്കമാലി അതിരൂപതയുടെ നിലപാടിൽ തീർപ്പ് ഉണ്ടാക്കാന് വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ്പ് സിറിൽ വാസ് കേരളത്തിലെത്തി. വത്തിക്കാനിൽ നിന്നുള്ള എറണാകുളം അങ്കമാലി പൊന്തിഫിക്കൽ പ്രതിനിധിയാണ് ആർച് ബിഷപ്പ് സിറിൽ വാസ്. കുർബാന തർക്കം പരിഹരിക്കാന് കഴിഞ്ഞ തവണ സിറിൽ വാസ് എത്തിയപ്പോൾ കയ്യേറ്റ ശ്രമം വരെ ഉണ്ടായിരുന്നു.
ഏകീകൃത കുർബാന ക്രിസ്മസ് ദിനം മുതൽ നടപ്പാക്കണമെന്ന മാർപാപ്പയുടെ നിർദേശം പാലിക്കപെടണമെന്ന സന്ദേശം സിറിൽ വാസിൽ വീണ്ടും നൽകും. വിമതവിഭാഗം അതിനു തയാറാണെങ്കിലും പൂർണമായും ഏകീകൃത കുർബാന നടപ്പാക്കണമെന്ന മാർപാപ്പയുടെ നിർദേശത്തെ അംഗീകരിക്കുന്നില്ല. മാർപാപ്പയ്ക്ക് ഉത്തരവിൽ പിഴവുപറ്റിയെന്നാണ് എറണാകുളം അങ്കമാലി അതിരൂപതയുടെ വാദം. ഇത് തിരുത്താൻ പുതിയതായി നിയമിതനായ അപ്പോസ്തൊലിക് അഡ്മിനിസ്ട്രേറ്റർ ബോസ്കോ പുത്തൂരിനെ കണ്ട് വിമതവിഭാഗം നീക്കം ആരംഭിച്ചിരുന്നു.
എറണാകുളം അങ്കമാലി അതിരൂപതയിലെ എകീകൃത കുര്ബാന തര്ക്കം; പ്രത്യേക പ്രതിനിധിയെ നിയോഗിച്ച് മാര്പ്പാപ്പ
കർദ്ദിനാൾ ജോർജ് ആലഞ്ചേരിയുടെ വിരമിക്കലും ബിഷപ്പ് ആൻഡ്രൂസ് താഴത്തിന്റെ സ്ഥാനചലനവും നിലപാടിന്റെ വിജയമാണെന്ന് വിമത വിഭാഗം കണക്കുകൂട്ടുന്നു. അതിനിടെയാണ് മാർപ്പാപ്പയുടെ നേരിട്ടുള്ള പ്രതിനിധിയായി ആർച്ച് ബിഷപ്പ് സിറിൽ വാസ് എറണാകുളത്തെത്തുന്നത്. ഒരുമാസക്കാലം ബിഷപ്പ് വാസ് കേരളത്തിലുണ്ടാകും. ബിഷപ്പ് വാസിന്റെ തുടർനടപടികൾ ഔദ്യോഗിക വിഭാഗത്തിനൊപ്പമായാൽ എറണാകുളം അങ്കമാലി അതിരൂപതയിലെ വിമതവിഭാഗം പ്രതിഷേധവുമായി രംഗത്തെത്തും. അങ്ങനെയെങ്കിൽ എറണാകുളം അങ്കമാലി അതിരൂപത സിറോ മലബാർ സഭയിൽ ഉണ്ടാകുമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം വത്തിക്കാനിൽ നിന്നുണ്ടാകും.