'റോബിൻ ബസ് വിട്ട് നൽകണം'; കോടതിയുടെ ഉത്തരവ്

ബസ്സിലുള്ള സാധനങ്ങളുടെ പട്ടിക മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ തയ്യാറാക്കണം. പൊലീസ് ഇക്കാര്യത്തിൽ മോട്ടോർ വാഹനവകുപ്പിനെ സഹായിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

പത്തനംതിട്ട: മോട്ടോർ വാഹന വകുപ്പ് പിടിച്ചുവച്ചിരിക്കുന്ന റോബിൻ ബസ് വിട്ട് നൽകാൻ കോടതി ഉത്തരവിട്ടു. പത്തനംതിട്ട ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ഉടമ ഗിരീഷ് പിഴ അടച്ചതിനെത്തുടർന്നാണ് ഉത്തരവ്.

82000 രൂപ ബസ് ഉടമ പിഴ അടച്ചിരുന്നു. കസ്റ്റഡിയിലെടുക്കുമ്പോൾ ബസ്സിൽ എന്തൊക്കെ സാധന സാമഗ്രികൾ ഉണ്ടായിരുന്നു എന്നതിന്റെ പട്ടിക തയ്യാറാക്കണമെന്നും ബസ് കൈമാറുമ്പോൾ ഇവയെല്ലാം ഉണ്ടോ എന്ന് ഉറപ്പ് വരുത്തണമെന്നും കോടതി നിർദ്ദേശിച്ചു. പൊലീസ് ഇക്കാര്യം ഉറപ്പ് വരുത്തണമെന്നും കോടതി നിർദ്ദേശിച്ചു. പത്തനംതിട്ട എ.ആർ ക്യാമ്പിലാണ് ബസ് സൂക്ഷിച്ചിരുന്നത്. ഇനിയും സർവീസ് നടത്തുമെന്നും നിയമ പോരാട്ടം തുടരുമെന്നും റോബിൻ ഗിരീഷ് വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ബസ് വിട്ടുനൽകാൻ അധികൃതർ തയാറാകുന്നില്ലെന്നു കാട്ടിയാണു ഗിരീഷ് കോടതിയെ സമീപിച്ചത്.

പ്രതിഷേധക്കാരെ മർദ്ദിച്ച സംഭവം: മുഖ്യമന്ത്രിയുടെ ഗൺമാനെതിരെ കേസെടുത്തു

കഴിഞ്ഞമാസം കോയമ്പത്തൂരിൽ നിന്ന് മടങ്ങി വരും വഴിയായിരുന്നു തുടർച്ചയായി പെർമിറ്റ് ലംഘനം നടത്തുന്നുവെന്ന് കാട്ടി എംവിഡി ബസ് പിടിച്ചെടുത്തത്. അതിനു മുമ്പുള്ള ദിവസവും മോട്ടോർ വാഹന വകുപ്പ് ബസ് തടഞ്ഞ് പിഴ ഈടാക്കിയിരുന്നു. പെർമിറ്റ് ലംഘിച്ച് സർവ്വീസ് നടത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പിഴ. പെർമിറ്റ് ലംഘനം ചൂണ്ടിക്കാണിച്ച് 7,500 രൂപ പിഴയിട്ടു. പിഴ അടച്ച് ബസ് വീണ്ടും സര്വ്വീസ് ആരംഭിക്കുകയും ചെയ്തിരുന്നു. തമിഴ്നാട് ആർടിഒയുടെ കസ്റ്റഡിയിൽ ആയിരുന്ന റോബിൻ ബസ് പുറത്തിറങ്ങിയതിനു പിന്നാലെയാണ് എംവിഡി അന്ന് പിഴ ചുമത്തിയത്. പെർമിറ്റ് ലംഘിച്ചതിനായിരുന്നു കോയമ്പത്തൂർ ഗാന്ധിപുരം ആർടിഒ ബസ് പിടിച്ചെടുത്തത്. ഈ പിഴ അടച്ച ശേഷമാണ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് ബസ് വിട്ടുനൽകിയത്.

To advertise here,contact us