ഹമീദ് ഫൈസി അമ്പലക്കടവിനെതിരെ സ്പീക്കര്; 'എല്ലാ വിശ്വാസങ്ങളേയും ആദരിക്കുന്ന നാടാണ് കേരളം'

പട്ടിക്കാട് ജാമിഅ നൂരിയ സമ്മേളനത്തിലാണ് സ്പീക്കറുടെ പ്രതികരണം.

മലപ്പുറം: മുസ്ലിംങ്ങള് ക്രിസ്മസ് ആഘോഷങ്ങളില് പങ്കെടുക്കരുതെന്ന സമസ്ത നേതാവ് ഹമീദ് ഫൈസി അമ്പലക്കടവിന്റെ പരാമര്ശത്തിനെതിരെ സ്പീക്കര് എ എന് ഷംസീര്. മറ്റുള്ളവരുടെ ആചാരങ്ങളില് മുസ്ലിം വിശ്വാസികള് പങ്കെടുക്കരുതെന്ന പരാമര്ശം ഒരിക്കലും നടത്താന് പാടില്ലെന്നാണ് സ്പീക്കര് പറഞ്ഞത്. പട്ടിക്കാട് ജാമിഅ നൂരിയ സമ്മേളനത്തിലാണ് സ്പീക്കറുടെ പ്രതികരണം.

എല്ലാ വിശ്വാസങ്ങളേയും ആദരിക്കുന്ന നാടാണ് കേരളം. വ്യക്തിപരമായ കാര്യത്തെ കടുത്ത ഭാഷയില് പണ്ഡിതര് വിമര്ശിക്കുമ്പോള് അത് തെറ്റായി വ്യാഖ്യാനിക്കപ്പെടും. ഇസ് ലാമില് സംവാദങ്ങള്ക്ക് സ്ഥാനമുണ്ട്. യോജിക്കാം, വിയോജിക്കാം. മത പണ്ഡിതന്മാര് അഭിപ്രായം പറയുമ്പോള് ജാഗ്രത കാണിക്കണം. അല്ലെങ്കില് അപകടം ഉണ്ടാക്കുമെന്നും സ്പീക്കര് പറഞ്ഞു.

അഭിപ്രായങ്ങളോട് വിയോജിക്കുമ്പോഴും പാലിക്കേണ്ട മര്യാദയുണ്ട്. മര്യാദകള് ചില ഘട്ടത്തില് ചിലര് മറന്നു പോകുന്നു. രാഷ്ട്രീയ നേതൃത്വത്തെ പോലെ മത പണ്ഡിത നേതൃത്വത്തിനും വലിയ ഉത്തരവാദിത്വമുണ്ട്. അനാവശ്യ പരാമര്ശങ്ങള് ഒഴിവാക്കണമെന്നും സ്പീക്കര് കൂട്ടിച്ചേര്ത്തു.

To advertise here,contact us