അടിയാധാരത്തിൽ പത്തടി, ആധാരത്തിൽ 12; മണപ്പൂറം ഉടമയുടെ ഭൂമി കയ്യേറ്റം

പ്രേംദാസും കുടുംബവും വർഷങ്ങളായി താമസിക്കുന്ന വീടിനു മുന്നിലാണ് ഒരൊറ്റ പകൽ കൊണ്ട് ആരുമില്ലാത്ത സമയത്ത് മതിൽ പൊളിച്ച് കൊണ്ടുപോയത്

തൃശ്ശൂർ: വലപ്പാട് മണപ്പുറം ഫിനാൻസിന്റെ ഉടമസ്ഥതയിലുള്ള സ്കൂൾ റോഡിന്റെ വീതി കൂട്ടാൻ സ്വകാര്യ വ്യക്തിയുടെ മതിൽ തകർത്തത് രേഖകളിൽ മാറ്റം വരുത്തിയാണെന്ന് പരാതി. അടിയാധാരത്തിൽ പത്തടി വഴി ആണെന്നിരിക്കെ സ്കൂളിന്റെ ആധാരത്തിൽ അത് 12 അടിയായി. കൊച്ചിയിൽ റീഗൽ ഫ്ലാറ്റിനോട് ചേർന്നുള്ള ഭൂമിയിലും മണപ്പുറം ഫിനാൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഇല്ലാത്ത വഴി അതിരിൽ കാണിച്ചത് റിപ്പോർട്ടർ പുറത്തുകൊണ്ടുവന്നിരുന്നു. അതേസമയം ആധാരത്തിൽ ഉള്ളത് പ്രകാരം മാത്രമാണ് ചെയ്തത് എന്നാണ് മണപ്പുറം ഫിനാൻസിന്റെ വിശദീകരണം.

പ്രേംദാസും കുടുംബവും വർഷങ്ങളായി താമസിക്കുന്ന വീടിനു മുന്നിലാണ് ഒരൊറ്റ പകൽ കൊണ്ട് ആരുമില്ലാത്ത സമയത്ത് മതിൽ പൊളിച്ച് കൊണ്ടുപോയത്. ആധാരത്തിൽ കൃത്രിമം വരുത്തി 10 അടി റോഡ് 12 ആക്കി എന്ന ഗുരുതര ആരോപണമാണ് മണപ്പുറം ഫിനാൻസിൻ്റെ ഉടമസ്ഥതയുള്ള സ്കൂളിനെതിരെ പ്രേംദാസ് ഉന്നയിക്കുന്നത്.

2008 ഡിസംബർ 30 ന് ആണ് പ്രേംദാസിൻ്റെ അമ്മ ഈ ഭൂമി ഇഷ്ടദാനമായി മകന് നൽകുന്നത്. പ്രേംദാസ് ഈ ഭൂമിയിൽ വീട് വെച്ച് താമസവും തുടങ്ങി. അന്ന് മുതൽ വീടിന് മുന്നിലെ റോഡിന് 10 അടി ആയിരുന്നു വീതി. ഇതിൻ്റെ അടിയാധാരത്തിലും വീതി 10 അടി തന്നെ. പിന്നീട് 2016 ൽ ആണ് മണപ്പുറം ഫിനാൻസിൻ്റെ ഉടമസ്ഥതയിലുള്ള സ്കൂളിന് വേണ്ടി അമ്മയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു ഭൂമി വാങ്ങുന്നത്. അങ്ങനെ വാങ്ങിയ ഭൂമിക്ക് പ്രേംദാസിൻ്റെ സ്ഥലവുമായോ ഈ റോഡുമായോ ഒരു ബന്ധവുമില്ല. എന്നാല് ആധാരത്തില് പ്രേംദാസിൻ്റെ സമ്മതത്തോടെ 10 അടി വഴി എന്നത് 12 അടി ആക്കി എഴുതി ചേർത്തു.

എക്സാലോജിക്; ചര്ച്ച അവസാനിപ്പിക്കാന് വി ഡി സതീശന് വഴിവിട്ട ഇടപാട് നടത്തിയെന്ന് കെ സുരേന്ദ്രന്

എന്നാൽ അങ്ങനെയൊരു സമ്മതം ഒരിക്കൽ പോലും മണപ്പുറം ഫിനാൻസിനോ സ്കൂൾ അധികൃതര്ക്കോ നൽകിയിട്ടില്ലെന്ന് പ്രേംദാസ് പറയുന്നു. അതിനർത്ഥം ആധാരത്തിൽ വ്യാജമായി 10 അടി എന്നത് 12 അടി ആക്കി എന്ന്. വ്യാജരേഖ ചമച്ച് ആധാരം രജിസ്റ്റർ ചെയ്തതിനെതിരെ പ്രേംദാംസ് പരാതി നൽകിക്കഴിഞ്ഞു. എന്നാൽ ആധാരത്തിൽ ഉള്ളത് മാത്രമാണ് ചെയ്തതെന്നും അന്യായമായി ഒന്നും ചെയ്തില്ലെന്നുമാണ് മണപ്പുറം ഫിനാൻസിൻ്റെ ഉടമസ്ഥതയിലുള്ള സ്കൂളിൻ്റെ വിശദീകരണം.

കൊച്ചി റീഗൽ ഫ്ലാറ്റിനോട് ചേർന്നുള്ള മണപ്പുറം ഫിനാൻസ് എക്സിക്യൂട്ടീവ് ഡയറക്ടറുടെ ഭൂമിയുടെ ആധാരത്തിൻ്റെ അതിർത്തിയിൽ സ്വകാര്യ ഭൂമി എന്നത് റോഡ് ആക്കിയിരുന്നു. തൃശൂർ വലപ്പാട് മണപ്പുറം ഫിനാൻസിൻ്റെ സ്കൂളിനോട് ചേർന്നുള്ള 10 അടി റോഡ് ആധാരത്തിൽ ആരുമറിയാതെ 12 അടിയാകുന്ന കാഴ്ചയാണ് കാണാന് സാധിക്കുന്നത്.

To advertise here,contact us