ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചെന്ന വ്യാജ വാർത്ത; കേസെടുത്ത് പൊലീസ്

യുവതികളുടെ മുഖസാദൃശ്യം തോന്നുന്ന ചിത്രങ്ങൾ എഡിറ്റ് ചെയ്ത് പതിനെട്ടാം പടിക്ക് സമീപം സെൽഫി വീഡിയോ ചിത്രീകരിച്ച തരത്തിൽ വ്യാജമായി നിർമിച്ച വീഡിയോയാണ് ഇയാൾ പ്രചരിപ്പിച്ചതെന്ന് കണ്ടെത്തി

പത്തനംതിട്ട: ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചെന്ന വ്യാജ വാർത്ത പ്രചരിപ്പിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. പതിനെട്ടാംപടിക്ക് സമീപം ഇരുമുടിക്കെട്ടുമായി രണ്ട് യുവതികൾ എന്നതരത്തിലുള്ള സെൽഫി വീഡിയോയാണ് പ്രചരിപ്പിച്ചത്. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വി അജിത്തിന്റെ നിർദേശപ്രകാരം ജില്ലാ സൈബർ പൊലീസ് സ്റ്റേഷൻ എസ് എച്ച് ഒ ജോബിൻ ജോർജ്ജ് ആണ് കേസ് രജിസ്റ്റർ ചെയ്തത്.

രാജേഷ് എന്ന യുവാവിന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ പേജിലാണ് ഇന്നലെ വൈകിട്ട് 5 മണിക്ക് ശേഷം വീഡിയോ പ്രത്യക്ഷപ്പെട്ടത്. സൈബർ പൊലീസ് സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിൽ നടത്താറുള്ള നിരീക്ഷണത്തിലാണ് വീഡിയോ കണ്ടെത്തിയത്. യുവതികളുടെ മുഖസാദൃശ്യം തോന്നുന്ന ചിത്രങ്ങൾ എഡിറ്റ് ചെയ്ത് പതിനെട്ടാം പടിക്ക് സമീപം സെൽഫി വീഡിയോ ചിത്രീകരിച്ച തരത്തിൽ വ്യാജമായി നിർമിച്ച വീഡിയോയാണ് ഇയാൾ പ്രചരിപ്പിച്ചതെന്ന് കണ്ടെത്തി. തുടർന്ന് മതവികാരം വ്രണപ്പെടുത്തിയതിനും ശബരിമല വിശ്വാസികളുടെ മനസ്സുകളിൽ മുറിവുളവാക്കി സമൂഹത്തിൽ ലഹള സൃഷ്ടിക്കാൻ മനപ്പൂർവം ശ്രമിച്ചതിനും ഐ ടി നിയമത്തിലെ വകുപ്പും ചേർത്താണ് കേസെടുത്തത്.

ഭൂമി കൈമാറ്റം; കൃഷി- മൃഗസംരക്ഷണ വകുപ്പുകൾക്കിടയില്ഭിന്നത, മന്ത്രിസഭാ യോഗത്തില് തർക്കം

വ്യാജവീഡിയോ നിർമിച്ച് ഇൻസ്റ്റഗ്രാമിലൂടെ യഥാർത്ഥ ദൃശ്യമെന്ന തരത്തിൽ പ്രതി പ്രചരിപ്പിക്കുകയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം നടന്നുവരികയാണെന്നും ശക്തമായ നിയമനടപടികൾ ഉണ്ടാകുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

To advertise here,contact us