തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കേന്ദ്രസേനയുടെ സുരക്ഷ ഏർപ്പെടുത്തിയത് സംശയാസ്പദമെന്ന വിലയിരുത്തലിൽ സർക്കാരും സിപിഐഎമ്മും. കൊല്ലത്തെ പ്രതിഷേധത്തിന് തൊട്ടുപിന്നാലെ കേന്ദ്രസേന എത്തിയതും കേരള പൊലീസ് രാഷ്ട്രീയ തടവറയിലാണെന്ന ഗവർണറുടെ പരാമർശവും പ്രത്യേക നീക്കങ്ങളുടെ ഭാഗമെന്നാണ് പാർട്ടിയും സർക്കാരും കരുതുന്നത്. സംഭവം കഴിഞ്ഞ് മണിക്കൂറുകൾക്കകം ചീഫ് സെക്രട്ടറിയോട് കേന്ദ്രം റിപ്പോർട്ട് തേടിയതും സർക്കാർ സംശയത്തോടെയാണ് കാണുന്നു.
എല്ലാ മാസവും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്കുന്ന റിപ്പോർട്ടിൽ ഗവർണർ കടുത്ത നിലപാട് സ്വീകരിക്കുമെന്നും സൂചനയുണ്ട്. അതേസമയം ഇന്നലെ ബാംഗ്ലൂരിലേക്ക് പോയ ഗവർണർ ഈ മാസം 30നാണ് കേരളത്തിൽ മടങ്ങി എത്തുക. കൊല്ലത്തെ എസ്എഫ്ഐ കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെയാണ് ഗവർണർക്ക് കേന്ദ്രസേനയുടെ Z പ്ലസ് കാറ്റഗറി സുരക്ഷയൊരുക്കിയത്.
ജെഡിയു-ബിജെപി സർക്കാർ അധികാരത്തിലേക്ക്; ബിഹാറിൽ നിയമസഭാ കക്ഷിയോഗം
ഗവര്ണര് കേന്ദ്ര സുരക്ഷ സ്വീകരിച്ചതിനെ മുഖ്യമന്ത്രി രൂക്ഷഭാഷയിലാണ് വിമര്ശിച്ചത്. കേന്ദ്രസുരക്ഷയുള്ള ആര്എസ്എസുകാരുടെ പട്ടികയിലേക്കാണ് ഗവര്ണര് പോകുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്ശനം. ഗവര്ണറെന്ന നിലയില് തനിക്ക് ലഭിച്ച സുരക്ഷ വേണ്ടെന്നുവെച്ച് ചില ആര്എസ്എസുകാര്ക്ക് കേന്ദ്രസര്ക്കാര് നല്കിയിരുന്ന പ്രത്യേക സുരക്ഷ സ്വീകരിക്കുകയാണ് ഗവര്ണര് ചെയ്തത്. നിയമത്തിന് മുകളിലല്ല ഗവര്ണറെന്നും നിയമമാണ് ഏറ്റവും അന്തിമമായതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.