രൺജിത്ത് വധക്കേസ് വിധി; തീവ്രവാദികളെ വളർത്തുന്ന മാർക്സിസ്റ്റ് പാർട്ടിക്ക് തിരിച്ചടി: പി കെ കൃഷ്ണദാസ്

'തിരഞ്ഞെടുപ്പിൽ അൽപം വോട്ടിന് വേണ്ടി തീവ്രവാദികളെ വളർത്തുന്ന മാർക്സിസ്റ്റ് പാർട്ടിക്ക് തിരിച്ചടിയാണ് വിധി'

ആലപ്പുഴ: രൺജിത്ത് ശ്രീനിവാസൻ വധക്കേസ് വിധി ആശ്വാസകരമെന്ന് ബിജെപി നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ്. വിധിയെ സ്വാഗതം ചെയ്യുന്നു. തിരഞ്ഞെടുപ്പിൽ അൽപം വോട്ടിന് വേണ്ടി തീവ്രവാദികളെ വളർത്തുന്ന മാർക്സിസ്റ്റ് പാർട്ടിക്ക് തിരിച്ചടിയാണ് വിധി. അവിലും മലരും കുന്തിരിക്കവും കാത്തുവെക്കണമെന്ന് പറഞ്ഞവർക്കുള്ള മറുപടിയാണിതെന്നും കൃഷ്ണദാസ് പറഞ്ഞു. ചില സംഘടനകൾ പ്രതികളുടെ മനുഷ്യാവകാശത്തിനായി രംഗത്ത് വന്നേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യശ്വന്ത്പൂർ എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാൻ തീരുമാനമായെന്നും കൃഷ്ണദാസ് പറഞ്ഞു. മംഗലാപുരം- ഗോവ വന്ദേഭാരത് കോഴിക്കോട്ടേക്ക് നീട്ടാൻ തീരുമാനം ഉടനുണ്ടാവും. കേരള ധനമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണ്. കേരളത്തിലെ സാമ്പത്തിക തകർച്ചക്ക് കേന്ദ്രമാണ് ഉത്തരവാദിയെന്ന് ധനമന്ത്രി പറയുന്നു. അതിൻ്റെ തെളിവുകൾ ഹാജരാക്കാൻ ബിജെപി ധനമന്ത്രിയെ വെല്ലുവിളിക്കുകയാണെന്നും കൃഷ്ണദാസ് പറഞ്ഞു.

രണ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകം; മുഴുവന് പ്രതികള്ക്കും വധശിക്ഷ

2021 ഡിസംബര് 19-നാണ് രണ്ജിത്ത് ശ്രീനിവാസന് കൊല്ലപ്പെടുന്നത്. ഇതിന് പിന്നാലെ ഒരു മാസം പ്രതികള്ക്കായുള്ള അന്വേഷണം നടന്നു. ആലപ്പുഴ ഡിവൈഎസ്പി എന് ആര് ജയരാജിന്റെ നേതൃത്വത്തില് കേസില് ഉള്പ്പെട്ട 35 പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി. 90 ദിവസത്തിനുള്ളില് കൊലപാതകത്തില് നേരിട്ട് പങ്കുള്ള 15 കുറ്റവാളികളെയും പ്രതിയാക്കി ആദ്യഘട്ട കുറ്റപത്രം സമര്പ്പിച്ചു. വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് പ്രതികള് മേല് കോടതിയെ സമീപിച്ചതോടെ നടപ്പടികള് നീണ്ടുപ്പോവുകയായിരുന്നു. പിന്നീടാണ് നടപടികളും വിചാരണയും പൂര്ത്തിയാക്കി കഴിഞ്ഞ ഡിസംബര് 15ന് അന്തിമ കുറ്റപത്രം സമര്പ്പിച്ചത്.

ആദ്യഘട്ട കുറ്റപത്രത്തില് ഉള്പ്പെട്ട 15 പ്രതികളും കുറ്റക്കാരാണെന്നും കൊലപാതകത്തിലും ഗൂഡാലോചനയിലും ഒരുപോലെ പങ്കുള്ളവരാണെന്നും ഈ മാസം 20ന് ജഡ്ജി വിജി ശ്രീദേവി വിധി പ്രഖ്യാപിച്ചു. 25 ന് ശിക്ഷാവിധിയില് പ്രതികള്ക്ക് പറയാനുള്ളത് കൂടി കേട്ടിരുന്നു. ഇതിനുശേഷമാണ് ഇന്ന് കോടതി അന്തിമ ശിക്ഷാ വിധി പ്രഖ്യാപിച്ചത്. കൊലപാതകത്തിന് പുറമെ ക്രിമിനല് ഗൂഢാലോചന, തെളിവ് നശിപ്പിക്കല്, സാക്ഷികളെ ഭീഷണിപ്പെടുത്തല്, വീട്ടില് അതിക്രമിച്ച് കടന്നു കയറല് തുടങ്ങിയ കുറ്റങ്ങള് പ്രകാരം ഐപിസി 449, 447, 506(2), 324, 323, 341, 201വകുപ്പുകളാണ് പ്രതികള്ക്കെതിരെ തെളിഞ്ഞിട്ടുള്ളത്.

To advertise here,contact us