ആന ചാലിഗദ്ദ പ്രദേശത്ത്, ഉടൻ ട്രാക്കിംഗ് തുടങ്ങുമെന്ന് റേഞ്ച് ഓഫീസര്; അജീഷിന്റെ സംസ്കാരം ഇന്ന്

പകൽ അജീഷിന്റെ വീട്ടിലെ പൊതുദർശനത്തിനുശേഷം ഇന്ന് വൈകിട്ടോടെ പടമല സെന്റ് അൽഫോൺസ് ദേവാലയ പള്ളി സെമിത്തേരിയിൽ അജീഷിന്റെ മൃതദേഹം സംസ്കരിക്കും.

മാനന്തവാടി: വയനാട് പടമല ചാലിഗദ്ധയിൽ അജീഷിന്റെ ജീവനെടുത്ത ആന ചാലിഗദ്ദ പ്രദേശത്ത് തന്നെ തുടരുന്നു. ഉടൻ ട്രാക്കിംഗ് തുടങ്ങുമെന്ന് റേഞ്ച് ഓഫീസർ അറിയിച്ചു. മുന്പ് കണ്ട സ്ഥലത്തു നിന്നും കുറച്ചുകൂടി വനമേഖലയിലേയ്ക്ക് കയറിയാണ് ആന ഇപ്പോള് നിലയുറപ്പിച്ചിരിക്കുന്നത്.

റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാനയെ മയക്കു വെടി വെച്ചു പിടികൂടാനുള്ള ശ്രമം ഇരുട്ടായതിനാൽ ഇന്നലെ വനം വകുപ്പ് ഉപേക്ഷിച്ചിരുന്നു. റേഡിയോ കോളർ സിഗ്നൽ ലൊക്കേറ്റ് ചെയ്ത സമയത്ത് പടമലക്കുന്നിന് മുകളിൽ ആയിരുന്നു കാട്ടാനയുടെ സിഗ്നൽ അവസാനമായി ലഭിച്ചത്. രാത്രി വനം വകുപ്പ് ജീവനക്കാർ പ്രദേശത്ത് ആനയെ നിരീക്ഷിക്കാനായി ക്യാമ്പ് ചെയ്തിരുന്നു. രാവിലെ ആനയുടെ ലൊക്കേഷൻ സിഗ്നല് ലഭിച്ചാൽ ഉടൻ മൈക്കു വെടി വെച്ചു പിടികൂടാനുള്ള ശ്രമങ്ങൾ വനം വകുപ്പ് ആരംഭിക്കും.

കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച അജീഷിന്റെ മൃതദേഹം ഇന്ന് വൈകിട്ടോടെ സംസ്കരിക്കും. ഇന്നലെ കുടുംബത്തിന്റെ ആവശ്യങ്ങൾ സർവകക്ഷിയോഗം അംഗീകരിച്ചതിന് പിന്നാലെയാണ് മാനന്തവാടി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടന്നത്.

രാത്രി വീട്ടിലെത്തിച്ച അജീഷിന്റെ ഭൗതികശരീരം ഒരു നോക്കു കാണാനായി നിരവധി പേരാണ് എത്തിയത്. പകൽ അജീഷിന്റെ വീട്ടിലെ പൊതുദർശനത്തിനുശേഷം ഇന്ന് വൈകിട്ടോടെ പടമല സെന്റ് അൽഫോൺസ് ദേവാലയ പള്ളി സെമിത്തേരിയിൽ അജീഷിന്റെ മൃതദേഹം സംസ്കരിക്കും.

കര്ണാടകയില് നിന്ന് പിടികൂടി റേഡിയോ കോളര് ഘടിപ്പിച്ച് കാട്ടില് തുറന്നു വിട്ട ആനയുടെ ആക്രമണത്തിലാണ് അജീഷിന് ജീവന് നഷ്ടപെട്ടത്. ചാലിഗദ്ധ ആദിവാസി കോളനിക്ക് സമീപമാണ് ആനയുടെ ആക്രമണമുണ്ടായത്. മതില് തകര്ത്ത് വീട്ടിലേക്ക് കയറിവന്ന ആന അജിയെ ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു.

To advertise here,contact us