ബേലൂര് മഗ്ന വീണ്ടും ജനവാസ മേഖലയില്; മുള്ളന്കൊല്ലിയില് ജാഗ്രതാ നിര്ദേശം

ഇന്നലെ ബൈരക്കുപ്പയിലേക്ക് നീങ്ങിയ ആന പുഴ കടന്ന് തിരികെയെത്തുകയായിരുന്നു

മാനന്തവാടി: കൊലയാളി കാട്ടാന ബേലൂര് മഗ്ന വീണ്ടും ജനവാസ മേഖലയില്. പെരിക്കല്ലൂരില് ആനയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. മുള്ളന്കൊല്ലി പഞ്ചായത്തില് ജാഗ്രതാ നിര്ദേശം നല്കിയിട്ടുണ്ട്. കബനി പുഴ കടന്നാണ് ആന ഇവിടെ എത്തിയത്. ഇന്നലെ ബൈരക്കുപ്പയിലേക്ക് നീങ്ങിയ ആന പുഴ കടന്ന് തിരികെയെത്തുകയായിരുന്നു.

അതേസമയം പത്ത് ദിവസത്തോളമായിട്ടും ബേലൂര് മഗ്നയെ പിടികൂടാനാകാത്തതിനാല് പ്രതിഷേധം ശക്തമാണ്. ദൗത്യസംഘത്തിലുണ്ടായിരുന്ന ഡോ. അരുണ് സഖറിയ അടക്കമുള്ളവര് പുല്പള്ളിയിലിറങ്ങിയ കടുവയെ പിടികൂടുന്നതിനായി നീങ്ങിയിരുന്നു.

വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പ്രതിരോധ നടപടികളും ചര്ച്ച ചെയ്യാന് വയനാട്ടില് ഇന്ന് സര്വകക്ഷി യോഗം ചേരുന്നുണ്ട്. രാവിലെ പത്തിന് റവന്യൂ മന്ത്രി കെ രാജന്, വനം മന്ത്രി എ കെ ശശീന്ദ്രന്, തദ്ദേശമന്ത്രി എം ബി രാജേഷ് എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം നടക്കുക.

ബത്തേരി മുനിസിപ്പല് ഹാളില് നടക്കുന്ന യോഗത്തില് ജനപ്രതിനിധികള് ഉന്നത ഉദ്യോഗസ്ഥര് എന്നിവര്ക്ക് പുറമെ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളും പങ്കെടുക്കും. ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാര് പങ്കെടുക്കുന്ന ജനപ്രതിനിധികളുടെ യോഗവും ഇന്ന് ചേരും. ഉച്ചക്ക് ശേഷം മന്ത്രിതല സംഘം വന്യജീവി ആക്രമണങ്ങളില് മരിച്ചവരുടെ വീടുകളില് സന്ദര്ശനം നടത്തും.

To advertise here,contact us