സിപിഐഎമ്മിന് ഭയം തുടങ്ങി; ലീഗുമായി ഒന്നിച്ചാല് പോലും രക്ഷപ്പെടാന് പോകുന്നില്ല: അബ്ദുള്ളക്കുട്ടി

കേരളത്തില് ബിജെപി വലിയ മാറ്റങ്ങള് ഉണ്ടാക്കുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

മലപ്പുറം: തദ്ദേശ ഉപതിരഞ്ഞെടുപ്പില് മട്ടന്നൂര് നഗരസഭാ ടൗണ് വാര്ഡിലെ വിജയം കേരള രാഷ്ട്രീയത്തില് മാറ്റത്തിന്റെ സൂചനയെന്ന് ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടി. സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രന് നയിക്കുന്ന കേരള പദയാത്ര തുടങ്ങിയതു മുതല് മാറ്റം പ്രകടമാണ്. കേരളത്തില് ബിജെപി വലിയ മാറ്റങ്ങള് ഉണ്ടാക്കുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

സിപിഐഎമ്മിന് ഭയം തുടങ്ങി. മുസ്ലിം ലീഗുമായി ബന്ധമുണ്ടാക്കാന് ശ്രമിച്ചു. എന്നാല് പരാജയപ്പെട്ടു. അവര് ഒന്നിച്ചാല് പോലും കേരളത്തില് രക്ഷപ്പെടാന് പോകുന്നില്ലെന്നും അബ്ദുള്ളക്കുട്ടി പരിഹസിച്ചു.

കേന്ദ്രഹജ്ജ് കമ്മിറ്റിയുടെ പഴയ കമ്മിറ്റിയില് നിരവധി അഴിമതി ഉണ്ടായിരുന്നു. ചില ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. അന്ന് ഹാജിമാരില് നിന്ന് അനധികൃതമായി പണം പിരിച്ചു. ഇപ്പോള് മൈനോരിറ്റി മിനിസ്ട്രിയാണ് കാര്യങ്ങള് നിയന്ത്രിക്കുന്നത്. മോദിയുടെ ക്വാട്ടയില് നിന്ന് സീറ്റുകള് ആവശ്യപ്പെട്ടപ്പോള് അദ്ദേഹം തന്നില്ല. അല്ലാഹുവിന്റെ വിളി ഉള്ളയാള് ഹജ്ജിന് പോയാല് മതിയെന്ന് മോദി പറഞ്ഞു. സത്യസന്ധമായി ഹജ്ജ് കമ്മിറ്റി മുന്നോട്ടു കൊണ്ടുപോകണമെന്നാണ് മോദി ആഗ്രഹിക്കുന്നത്. സ്വകാര്യമേഖലയുടെ ചൂഷണമാണ് കേരളം നേരിടുന്ന പ്രശ്നമെന്നും അബ്ദുള്ളക്കുട്ടി വിമര്ശിച്ചു.

കേന്ദ്ര അന്വേഷണ ഏജന്സികളുടെ കേസുകള് ഒന്നും രാഷ്ട്രീയ പ്രേരിതമല്ല. പിണറായി വിജയനും അദ്ദേഹത്തിന്റ മകളും അകത്താകണമെന്ന് കേരളത്തിലെ ജനങ്ങള് ആഗ്രഹിക്കുന്നുണ്ടെന്നും എക്സാലോജികുമായി ബന്ധപ്പെട്ട അന്വേഷണത്തില് അബ്ദുള്ളക്കുട്ടി കൂട്ടിച്ചേര്ത്തു.

To advertise here,contact us