'എൻ്റെ അറസ്റ്റിന് മുമ്പ് മുഖ്യമന്ത്രിയുടെ മകളുടെ അറസ്റ്റ്, കയ്യിലുള്ളത് ആറ്റം ബോംബ്'; സാബു ജേക്കബ്

ഒരാഴ്ചയായി സ്റ്റേഷനുകൾ കയറിയിറങ്ങുന്നുവെന്നും തന്റെ കയ്യിലുള്ളത് ആറ്റം ബോംബാണെന്നും സാബു ജേക്കബ്

തന്നെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം ഉണ്ടായാൽ അതിന് ഒരാഴ്ച മുൻപ് മുഖ്യമന്ത്രിയുടെ മകളെ അറസ്റ്റ് ചെയ്യിക്കുമെന്ന് കിറ്റെക്സ് ഉടമ സാബു എം ജേക്കബ്. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെയാണ് സാബു ജേക്കബിന്റെ പ്രതികരണം. ഒരാഴ്ചയായി സ്റ്റേഷനുകൾ കയറിയിറങ്ങുന്നുവെന്നും തന്റെ കയ്യിലുള്ളത് ആറ്റം ബോംബാണെന്നും സാബു പറഞ്ഞു.

'ബിജെപിയുടെയോ സിപിഎമ്മിൻ്റെയോ കോൺഗ്രസിൻ്റെയോ സീറ്റുകിട്ടുന്നതിൽ ഒരു കുഴപ്പവുമില്ല. 2021ൽ കോൺഗ്രസ് നേതാക്കളായ വിഡി സതീശനും ചെന്നിത്തലയും വീട്ടിൽ വന്നു. അഞ്ച് സീറ്റാണ് അവർ ഓഫർ ചെയ്തത്. സിപിഐഎമ്മിൻ്റെ നേതാക്കൾ മന്ത്രി പി രാജീവ് ഉൾപ്പെടെ അഞ്ച് തവണയാണ് രാത്രി പാത്തും പതുങ്ങിയും വീട്ടിൽ വന്നത്. അധികാരത്തിനും സ്ഥാനമാനങ്ങൾക്കും വേണ്ടിയല്ല ഞാൻ നിലകൊള്ളുന്നത്'; സാബു ജേക്കബ് വ്യക്തമാക്കി. ബിജെപിക്കാരൻ വന്ന് ഒരു സീറ്റ് തന്നാൽ പോകുന്ന ആളല്ല താനെന്നും തന്നെ സംഘിയാക്കുകയാണെന്നും സാബു കുറ്റപ്പെടുത്തി. ജനങ്ങൾക്ക് തന്നെയറിയാമെന്നും കെ സുരേന്ദ്രനെ നേരിട്ട് കണ്ടിട്ടുപോലുമില്ലെന്നും സാബു ജേക്കബ് വ്യക്തമാക്കി.

പി വി ശ്രീനിജന് എംഎല്എയെ ജാതീയമായി അധിക്ഷേപിച്ച കേസില് ട്വന്റി ട്വന്റി ചീഫ് കോഡിനേറ്റര് സാബു എം ജേക്കബിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. പുത്തന്കുരിശ് ഡിവൈഎസ്പി ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്. വിഷയത്തില് പട്ടിക ജാതി-പട്ടിക വര്ഗ പീഡന നിരോധന നിയമ പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് എംഎല്എ പുത്തന്കുരിശ് ഡിവൈഎസ്പിക്ക് പരാതി നല്കിയത്. സാബു എം ജേക്കബിനെതിരെ നേരത്തെയും ശ്രീനിജന് എംഎല്എ ജാതീയ അധിക്ഷേപ പരാതി നല്കിയിരുന്നു.

അതേസമയം മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്കെതിരായ എസ്എഫ്ഐഒ അന്വേഷണത്തിന് സ്റ്റേ ഇല്ല. അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് എക്സാലോജിക് കമ്പനി നല്കിയ ഹർജി കർണാടക ഹൈക്കോടതി തള്ളിയിരുന്നു. എക്സാലോജിക് - സിഎംആർഎൽ ഇടപാടിലാണ് എസ്എഫ്ഐഒ അന്വേഷണം നടത്തുന്നത്. 

To advertise here,contact us