സര്ക്കാര് ജീവനക്കാരുടെ ശമ്പള വിതരണം; ഇന്നും ഭാഗികം, പ്രതിഷേധം തുടരുന്നു

കേന്ദ്ര അവഗണനക്കെതിരെ നൽകിയ കേസ് സുപ്രീംകോടതി നാളെ പരിഗണിക്കാനിരിക്കെ ഇടക്കാല വിധിയിലാണ് സംസ്ഥാന സർക്കാരിന്റെ പ്രതീക്ഷ

കൊച്ചി: സര്ക്കാര് ജീവനക്കാരുടെ ശമ്പള വിതരണം ഇന്നും ഭാഗികം. ഒന്നാം തീയതി ശമ്പളം കിട്ടേണ്ട 40 ശതമാനം ജീവനക്കാർക്ക് മാത്രമാണ് ഇന്നലെ ശമ്പളം ലഭിച്ചത്. പൂർണമായും ശമ്പളം വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സർവീസ് സംഘടനകൾ നടത്തുന്ന പ്രതിഷേധം സെക്രട്ടറിയേറ്റിന് മുന്നിൽ തുടരുകയാണ്. അതേസമയം, കേന്ദ്ര അവഗണനക്കെതിരെ നൽകിയ കേസ് സുപ്രീംകോടതി നാളെ പരിഗണിക്കാനിരിക്കെ ഇടക്കാല വിധിയിലാണ് സംസ്ഥാന സർക്കാരിന്റെ പ്രതീക്ഷ.

ശമ്പള വിതരണം പൂര്ണതോതിലാക്കാൻ മൂന്ന് ദിവസമെങ്കിലും വേണ്ടി വരുമെന്നാണ് ധനവകുപ്പിന്റെ വിശദീകരണം. പ്രതിഷേധം ശക്തമായതോടെ ഇന്നലെ ശമ്പള വിതരണം ആരംഭിച്ചുവെങ്കിലും ആദ്യദിനം ശമ്പളം എത്തേണ്ടവരിൽ പകുതി പേർക്ക് പോലും ഇന്നലെ ലഭിച്ചിട്ടില്ല. സെക്രട്ടറിയേറ്റിലും ശമ്പളം ലഭിക്കാത്ത നിരവധി പേരുണ്ട്. ശമ്പളം വൈകുന്നതിൽ ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിലും അമർഷം പുകയുന്നുണ്ട്. ആശങ്ക വേണ്ടെന്ന് ധനവകുപ്പ് പറയുമ്പോഴും, ശമ്പള വിതരണം പൂർത്തിയാകാൻ ഈ മാസം പകുതിയെങ്കിലുമാകുമെന്നാണ് വിവരം.

വൈദ്യുതി മേഖലയിലെ പരിഷ്കാരങ്ങൾക്ക് നൽകേണ്ട 4,800 കോടിയടക്കം 13,608 കോടിയാണ് കേന്ദ്രത്തിൽ നിന്ന് സംസ്ഥാനത്തിന് ലഭിക്കാനുള്ളത്. സുപ്രീംകോടതി നാളെ കേസ് പരിഗണിക്കുമ്പോൾ ഈ തുകയുൾപ്പെടെ ലഭ്യമാകും വിധം ഇടക്കാല വിധിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനം. അർഹതപ്പെട്ട കേന്ദ്ര വിഹിതം കിട്ടാൻ ഇനിയും വൈകിയാൽ കടമെടുപ്പ് സമയപരിധി തീരും. അങ്ങനെ വന്നാൽ സാമ്പത്തിക വര്ഷാവസാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാകും സംസ്ഥാനം കൂപ്പു കുത്തുക.

To advertise here,contact us