കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളി മത്സരിക്കും; ഇടുക്കിയിൽ അഡ്വ. സംഗീതാ വിശ്വനാഥൻ 'സർപ്രൈസ്' സ്ഥാനാർത്ഥി

കോട്ടയവും ഇടുക്കിയുമാണ് ഇന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച മണ്ഡലങ്ങൾ. കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളിയും ഇടുക്കിയിൽ അഡ്വ. സംഗീതാ വിശ്വനാഥനും മത്സരിക്കും.

കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ബിഡിജെഎസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. രണ്ട് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചത്. ആകെ നാല് മണ്ഡലങ്ങളിലാണ് ബിഡിജെഎസ് മത്സരരംഗത്തുള്ളത്. ഇതിൽ രണ്ട് സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കോട്ടയവും ഇടുക്കിയുമാണ് ഇന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച മണ്ഡലങ്ങൾ. കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളിയും ഇടുക്കിയിൽ അഡ്വ. സംഗീതാ വിശ്വനാഥനും മത്സരിക്കും. ബി ഡി ജെ എസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയാണ് ഇന്ന് കോട്ടയത്ത് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്.

കോട്ടയം, ഇടുക്കി, ചാലക്കുടി, മാവേലിക്കര മണ്ഡലങ്ങളിലാണ് എൻഡിഎക്ക് വേണ്ടി ബിഡിജെഎസ് മത്സരിക്കുന്നത്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ബിഡിജെഎസ് മത്സരിച്ച ആലത്തൂർ, വയനാട് മണ്ഡലങ്ങൾ ഇപ്രാവശ്യം ബിജെപിക്ക് വിട്ടു നൽകിയിരുന്നു. ഇവയ്ക്ക് പകരമായി കോട്ടയവും ചാലക്കുടിയും ബിഡിജെഎസിന് ലഭിക്കുകയായിരുന്നു. ചാലക്കുടിയിൽ എസ്എൻഡിപി വനിതാ വിഭാഗം നേതാവ് ഇ എസ് ഷീബയും മാവേലിക്കരയിൽ ബൈജു കലാശാലയുമാണ് സ്ഥാനാർഥികൾ. ഇടുക്കിയിൽ സർപ്രൈസ് സ്ഥാനാർത്ഥി ആയിരിക്കുമെന്ന് നേരത്തെ വാർത്തകൾ പുറത്ത് വന്നിരുന്നു.

To advertise here,contact us