'തിരഞ്ഞെടുപ്പ് കാലത്ത് സൂക്ഷിച്ച് കാര്യങ്ങൾ പറയണം'; ഇപിയുടെ പ്രസ്താവന തള്ളി പന്ന്യൻ രവീന്ദ്രൻ

ബിജെപിയോട് ജനങ്ങൾക്കുണ്ടായ പ്രണയം കുറഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി

തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ എൽഡിഎഫും ബിജെപിയും തമ്മിലാണ് മത്സരമെന്ന എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്റെ പ്രസ്താവന തള്ളി തിരുവനന്തപുരത്തെ എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ. തിരഞ്ഞടുപ്പ് കാലത്ത് സൂക്ഷിച്ച് മാത്രമേ കാര്യങ്ങൾ പറയാവൂ എന്നും ഇപിയുടെ പ്രസ്താവന യാഥാർഥ്യവുമായി ബന്ധമില്ലാത്തതാണെന്നും അദ്ദേഹം റിപ്പോർട്ടർ ടിവി അശ്വമേധം പരിപാടിയിൽ വ്യക്തമാക്കി.

ബിജെപി രണ്ടാം സ്ഥാനത്തല്ല. ബിജെപിയോട് ജനങ്ങൾക്കുണ്ടായ പ്രണയം കുറഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. ന്യൂനപക്ഷ ജനവിഭാഗങ്ങൾക്ക് ഒരുപാട് ആശങ്കയുണ്ട്. സിഎഎ അവരെ ബുദ്ധിമുട്ടിച്ചു. കോൺഗ്രസിന് പക്വതയുള്ള നേതൃത്വമില്ലെന്നും ഹിന്ദി മേഖല വിട്ട് രാഹുൽ ഗാന്ധി എന്തിന് ഇവിടെ വരുന്നുവെന്നും പന്ന്യൻ രവീന്ദ്രൻ ചോദിച്ചു.

കെ സി വേണുഗോപാലും കേരളത്തിൽ വന്ന് മത്സരിക്കുകയാണ്. രണ്ടുപേരും മത്സരിക്കുന്നത് ഇടതുപക്ഷത്തിനെതിരെയാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയം പഠിപ്പിച്ചത് അമ്മയാണ്. ലക്ഷ്യമാണ് പ്രധാനമെന്ന് അമ്മ പഠിപ്പിച്ചു. എകെജിയുടെ ഓർമയാണ് മനസ്സിൽ. തിരുവനന്തപുരത്ത് എയിംസ് കൊണ്ടുവരാൻ പരമാവധി ശ്രമിക്കും. പെൻഷൻ കിട്ടാത്തവരുടെ സങ്കടം വലുതാണ്. വലിയ പ്രശ്നമാണത്. അത് പരിഹരിച്ച് തന്നെ ഇടതുപക്ഷം മുന്നോട്ട് പോകുമെന്നും പന്ന്യൻ രവീന്ദ്രൻ വ്യക്തമാക്കി.

To advertise here,contact us