'കറുപ്പും വെളുപ്പും അല്ല വിവരവും വിവേകവുമാണ് മനുഷ്യർക്ക് വേണ്ടത്', ജോയ് മാത്യു

കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് പറയുകയാണ് കലാമണ്ഡലം സത്യഭാമ.

കൊച്ചി: കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ സത്യഭാമ നടത്തിയ ജാതി അധിക്ഷേപത്തിൽ പല കോണിൽ നിന്നും രൂക്ഷ വിമർശനമാണ് ഉയരുന്നത്. നടനും സംവിധായകനുമായ ജോയ് മാത്യു ജാതി വിഷയത്തിൽ പ്രതിഷേധം അറിയിച്ചിരിക്കുകയാണ്. കറുപ്പും വെളുപ്പും കാഴ്ചയുടെ പ്രശ്നമാണ് വിവരവും വിവേകവുമാണ് മനുഷ്യർക്ക് വേണ്ടത് എന്നാണ് ജോയ് മാത്യു പറഞ്ഞിരിക്കുന്നത്. രാമകൃഷ്ണന് പിന്തുണയും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

'കറുപ്പും വെളുപ്പും കാഴ്ചയുടെ പ്രശ്നമല്ലേ സത്യഭാമേ, വിവരവും വിവേകവുമാണ് മനുഷ്യർക്ക് വേണ്ടത് ,അങ്ങനെയൊരാൾ ഉന്നതനായ ഒരു കലാകാരൻ കൂടിയാവുമ്പോൾ അയാൾക്ക് കറുപ്പും വെളുപ്പുമല്ല ഏഴഴകാണ്. നൃത്തപഠനത്തിൽ ഡോക്ടറേറ്റ് (കഷ്ടപ്പെട്ട് പഠിച്ചിട്ട് തന്നെ )നേടിയ RLV രാമകൃഷ്ണൻ തൽക്കാലം കറുത്ത് തന്നെ ഇരിക്കട്ടെ."പത്മ"കൾക്ക് വേണ്ടി യാചിക്കുന്ന ആശാന്മാരുടെ കാലത്ത് കലയുടെ തേര് തെളിച്ച് ധീരമായ് മുന്നോട്ട് പോവുക പ്രിയ സുഹൃത്തെ' എന്നാണ് ജോയ് മാത്യു പറഞ്ഞിരിക്കുന്നത്.

അധിക്ഷേപം ആവര്ത്തിച്ച് സത്യഭാമ; സൗന്ദര്യം ഇല്ലാത്തവര് മോഹിനിയാട്ടം കളിക്കേണ്ട

ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമ ഡോ ആർഎൽവി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയത്. മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന വ്യക്തികൾ. പുരുഷന്മാരാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കില് സൗന്ദര്യമുള്ള പുരുഷന്മാരായിരിക്കണം. ചിലരുണ്ട്, കാക്കയുടെ നിറമാണ്. മോഹിനിയാട്ടത്തിന് കൊള്ളില്ല. പെറ്റതള്ള പോലും കണ്ടാൽ സഹിക്കില്ലെന്നും സത്യഭാമ പറഞ്ഞിരുന്നു. പിന്നാലെ, ആരോപണം തനിക്കെതിരെയാണെന്ന് വ്യക്തമാക്കി ആർഎൽവി രാമകൃഷ്ണന് രംഗത്തെത്തുകയായിരുന്നു.

അതേസമയം കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് പറയുകയാണ് കലാമണ്ഡലം സത്യഭാമ. കൂടുതൽ കടുത്ത ഭാഷയിൽ ഇവർ മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു. 'മോഹനൻ മോഹിനിയാട്ടം കളിച്ചാൽ ശരിയാവില്ല. മോഹിനിയാട്ടം കളിക്കണമെങ്കിൽ അത്യാവശ്യം സൗന്ദര്യം വേണം. നിറത്തിന് സൗന്ദര്യത്തിൽ പ്രാധാന്യമുണ്ട്. ഇല്ലെങ്കിൽ ഏതെങ്കിലും കറുത്ത കുട്ടിക്ക് സൗന്ദര്യമത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ടോ? ആരൊക്കെ വന്നാലും എന്റെ അഭിപ്രായത്തിൽ ഉറച്ചുനിൽക്കും' എന്നാണ് സത്യഭാമ പറഞ്ഞത്.

To advertise here,contact us