'വംശീയതയും ജാതിവെറിയും കലർന്ന പ്രതികരണം, ഇത്തരം വിഷജീവികളെ പ്രതിരോധിക്കണം'; വി കെ സനോജ്

ആർ എൽ വി രാമകൃഷ്ണന് കേരളത്തിലുടനീളം ഡിവൈഎഫ്ഐ വേദിയൊരുക്കുമെന്ന് വി കെ സനോജ് പറഞ്ഞു

കൊച്ചി: ആർ എൽ വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ പ്രസ്താവന പ്രതിഷേധാർഹമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. വംശീയതയും ജാതിവെറിയും കലർന്ന പ്രതികരണമാണ് നടത്തിയത് സത്യഭാമ നടത്തിയത്. ഇത്തരം വിഷജീവികളെ പ്രതിരോധിക്കേണ്ടതുണ്ട്. ആർ എൽ വി രാമകൃഷ്ണന് കേരളത്തിലുടനീളം ഡിവൈഎഫ്ഐ വേദിയൊരുക്കും.ഇന്ന് ചാലക്കുടിയിൽ ആർ എൽ വി രാമകൃഷ്ണന് വേദിയൊരുക്കുന്നുണ്ടെന്നും സനോജ് പറഞ്ഞു.

ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമ ഡോ ആർഎൽവി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയത്. 'മോഹിനിയായിരിക്കണം മോഹിയാട്ടം കളിക്കേണ്ടത്. പുരുഷന്മാരാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കില് സൗന്ദര്യമുള്ള പുരുഷന്മാരായിരിക്കണം. ചിലരുണ്ട്, കാക്കയുടെ നിറമാണ്. മോഹിനിയാട്ടത്തിന് കൊള്ളില്ല. പെറ്റതള്ള പോലും കണ്ടാൽ സഹിക്കില്ലെന്നും' സത്യഭാമ പറഞ്ഞിരുന്നു. 

'കറുപ്പ് താന് എനക്ക് പുടിച്ച കളറ്'; ആര് എല് വി രാമകൃഷ്ണനെ പിന്തുണച്ച് മന്ത്രി വി ശിവന്കുട്ടി

അധിക്ഷേപത്തിനെതിരെ ആർഎൽവി രാമകൃഷ്ണനും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. കലാമണ്ഡലം എന്ന അതുല്യനാമം പേരോടു ചേർത്ത ഒരു കലാകാരി വീണ്ടും വീണ്ടും ആക്ഷേപിച്ചു കൊണ്ടിരിക്കുകയാണ്. തനിക്ക് കാക്കയുടെ നിറമാണ് എന്നും തന്നെ കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല എന്നും ഇവർ പറഞ്ഞു. ഇതാദ്യമായല്ല കലാമണ്ഡലം സത്യഭാമ തന്നെ അധിക്ഷേപിക്കുന്നത്. താൻ മോഹിനിയാട്ട രംഗത്ത് നിലകൊള്ളുന്നതും മോഹിനിയാട്ടത്തിൽ പിഎച്ച്ഡി എടുക്കുന്നതിലും ഇവർക്ക് താല്പര്യമില്ലായിരുന്നു. ഇങ്ങനെയുള്ള വ്യക്തികൾ കാരണം ഒരു പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചു നിൽക്കാൻ പറ്റാത്ത സാഹചര്യമാണ് ഇന്നുള്ളത് എന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. ഈ സംഭവത്തിൽ നിയമനടപടിക്ക് ഒരുങ്ങുന്നതായും ആർഎൽവി രാമകൃഷ്ണൻ അറിയിച്ചു. വിഷയത്തിൽ കലാ-സാംസ്കാരിക-രാഷ്ട്രീയ മേഖലകളില് നിന്ന് നിരവധി പേരാണ് പ്രതികരണവുമായി എത്തുന്നത്.

To advertise here,contact us