മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ സ്ഥാനം; ഏറ്റെടുക്കാനില്ലെന്ന് ജസ്റ്റിസ് എസ് മണികുമാർ

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ നൽകിയ മണികുമാറിന്റെ നിയമന ശുപാർശ കഴിഞ്ഞ ദിവസമാണ് ഗവർണർ അംഗീകരിച്ചത്

തിരുവനന്തപുരം: മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് ജസ്റ്റിസ് എസ് മണികുമാർ. വ്യക്തിപരമായ കാരണങ്ങളാൽ സ്ഥാനം ഏറ്റെടുക്കാനാവില്ലെന്ന് മണികുമാർ രാജ്ഭവനെയും സർക്കാരിനെയും അറിയിച്ചു. പിന്നാലെ ജുഡീഷ്യൽ അംഗം കെ ബൈജൂനാഥിനെ ആക്റ്റിങ് ചെയർപേഴ്സണായി ഗവർണർ നിയമിച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ നൽകിയ മണികുമാറിന്റെ നിയമന ശുപാർശ കഴിഞ്ഞ ദിവസമാണ് ഗവർണർ അംഗീകരിച്ചത്.

നിയമനത്തിനെതിരെ വിമർശനവുമായി ആദ്യം മുതൽ പ്രതിപക്ഷം രംഗത്തുണ്ടായിരുന്നു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന കാലത്ത് ഏകപക്ഷീയമായി ഉത്തരവുകളിറക്കിയ മണികുമാറിന്റെ നിയമനം അംഗീകരിക്കില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ നിലപാട്. മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവുമടങ്ങുന്ന സമിതിയാണ് മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെ തീരുമാനിക്കുന്നത്. തീരുമാനത്തെ എതിർത്ത് പ്രതിപക്ഷ നേതാവ് വിയോജനക്കുറിപ്പ് നൽകിയിരുന്നു.

വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മണികുമാർ സ്ഥാനമേറ്റെടുക്കുന്നതിൽ സർക്കാരിനെ വിസമ്മതം അറിയിച്ചു. ചെന്നൈയിൽ തുടരണമെന്നും ഭാരിച്ച ഉത്തരവാദിത്വം ഏറ്റെടുക്കാൻ തടസം ഉണ്ടെന്നും കാട്ടിയാണ് മണികുമാർ പിന്മാറിയത്. പിന്നാലെ ജുഡീഷ്യൽ അംഗം കെ ബൈജൂനാഥിനെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണായി ഗവർണർ നിയമിച്ചു.

To advertise here,contact us