നവീൻ വൈദികനെയും സ്വാധീനിക്കാൻ ശ്രമിച്ചു, മരണാനന്തര ജീവിതത്തിലേക്ക് ക്ഷണിച്ചു;കൂടുതല് വിവരം പുറത്ത്

'വൈകാതെ പ്രളയം വരും, ഈ ഭൂമി നശിക്കും. അതിന് മുമ്പ് ഹിമാലയത്തിൽ അഭയം തേടണം, അല്ലെങ്കില് സ്വയം ജീവനൊടുക്കി മറ്റൊരു ഗ്രഹത്തില് അഭയം തേടണ'മെന്നാണ് മരിച്ച നവീനും ഭാര്യ ദേവിയും സുഹൃത്തായ ആര്യയും വിശ്വസിച്ചിരുന്നത്

തിരുവനന്തപുരം: അരുണാചൽ പ്രദേശിൽ മലയാളി ദമ്പതികളെയും സുഹൃത്തിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മരിച്ച നവീന് തോമസ് ഒരു വൈദികനെയും രണ്ടു സുഹൃത്തുക്കളെയും തന്റെ ആശയത്തിലേക്ക് സ്വാധീനിക്കാന് ശ്രമിച്ചുവെന്നാണ് പൊലീസ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.

വൈകാതെ പ്രളയം വരും, ഈ ഭൂമി നശിക്കും. അതിന് മുമ്പ് ഹിമാലയത്തിൽ അഭയം തേടണം, അല്ലെങ്കില് സ്വയം ജീവനൊടുക്കി മറ്റൊരു ഗ്രഹത്തില് അഭയം തേടണമെന്നാണ് മരിച്ച നവീനും ഭാര്യ ദേവിയും സുഹൃത്തായ ആര്യയും വിശ്വസിച്ചിരുന്നത്. ഇത്തരം അന്ധവിശ്വാസങ്ങള് ദേവിയിലേക്കും ആര്യയിലേക്കും പകര്ന്നത് ആയുര്വേദ ഡോക്ടര് കൂടിയായ നവീനാണ്. സുഹൃത്തുക്കളായ രണ്ട് ഡോക്ടര്മാരെയും ഒരു വൈദികനെയും ഈ ആശയത്തിലേക്ക് സ്വാധീനിക്കാൻ നവീന് ശ്രമിച്ചു. വൈദികന് ഈ ആശയങ്ങളില് നിന്നും ഇവരെ പിന്തിരിപ്പിക്കാന് ശ്രമം നടത്തി. പക്ഷേ നവീന് ആ സൗഹൃദം ഉപേക്ഷിച്ച് അന്ധവിശ്വാസങ്ങളുമായി മുന്നോട്ട് പോയി എന്ന് പൊലീസ് പറയുന്നു.

അരുണാചലിലെ ഹോട്ടല് മുറിയിലാണ് നവീന്, ദേവി, ആര്യ എന്നിവരെ മരിച്ച നിലയില് കണ്ടെത്തിയത്. ദേവിയുടെയും ആര്യയുടെയും കൈ ഞരമ്പുകള് മുറിച്ചത് ബലപ്രയോഗത്തിലൂടെയല്ലെന്നാണ് പോസ്റ്റുമോര്ട്ടത്തില് കണ്ടെത്തിയത്. രണ്ടുപേരും ജീവനൊടുക്കാന് തയ്യാറായിരുന്നുവെന്നാണ് ഇതില് നിന്ന് മനസിലാക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. രണ്ടുപേരുടെയുടെ ഞരമ്പ് മുറിച്ച ശേഷമാണ് നവീന് ജീവനൊടുക്കിയതെന്നും അന്വേഷണസംഘം കണ്ടെത്തി.

നവീൻ എട്ടുവർഷമായി മരണാനന്തര ജീവിതത്തെക്കുറിച്ച് ഇൻ്റർനെറ്റിൽ സേർച്ച് ചെയ്തിരുന്ന വിവരം പൊലീസിന് ലഭിച്ചു. അരുണാചലിൽ ജീവനൊടുക്കിയ മൂന്നുപേരുടെയും മെയിലുകളും ചാറ്റുകളും മെയിലുകളും പരിശോധിക്കുകയാണെന്നും ഉടനെ തന്നെ മരണത്തിലേക്കു നയിച്ച കാരണങ്ങൾ വ്യക്തമാകുമെന്നുമാണ് പൊലീസ് റിപ്പോർട്ട്. മരിക്കുന്നതിനു മുമ്പ് മൂവരും സന്തോഷത്തിലായിരുന്നു എന്നതിന്റെ തെളിവുകൾ സിസിടിവി പരിശോധനയിൽ പൊലീസിനു ലഭിച്ചിരുന്നു. ആത്മഹത്യാക്കുറിപ്പിൽ മൂന്നുപേരും പേരെഴുതി ഒപ്പിട്ടത് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഒപ്പും കൈയ്യക്ഷരവും മരിച്ചവരുടേത് തന്നെയെന്ന് കണ്ടെത്തിയിരുന്നു.

കരാട്ടെ ക്ലാസില് വച്ച് പരിചയപ്പെട്ട ഒരു അഭിഭാഷകനോട് ആര്യ അന്യഗ്രഹ ജീവിതത്തെ കുറിച്ച് നിരന്തരമായി സംസാരിച്ചിരുന്നു. അന്ധവിശ്വാസ സന്ദേശങ്ങള് പലര്ക്കും അയച്ചു നല്കിയത് ഡോണ് ബോസ്ക്കോയെന്ന ഇ-മെയില് ഐഡിയില് നിന്നാണ്. ആര്യയാണ് ഈ മെയില് ഐഡിക്ക് പിന്നിലെന്നും പൊലീസ് കണ്ടെത്തി. അന്യഗ്രഹ ജീവിതത്തെ കുറിച്ചും മരണാനന്തര ജീവിതത്തെ കുറിച്ചും ആര്യ നിരന്തരമായി ഇന്റര്നെറ്റില് അന്വേഷിച്ചിട്ടുണ്ട്. ഇതില് നിന്നും കണ്ടെത്തിയ ആശയങ്ങള് ക്രോഡീകരിച്ചാണ് പലര്ക്കും ഈ മെയില് ഐഡിയില് നിന്നും സന്ദേശം അയച്ചത്. വ്യാജ പേരുകളില് നവീനും ദേവിയും മെയിലുകള് പലര്ക്കും അയച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

To advertise here,contact us