സമദാനിയെ വ്യക്തിഹത്യ നടത്തിയെന്ന പരാതി; തിരഞ്ഞെടുപ്പ് ഓഫീസർ നോട്ടീസയച്ചു

തിരൂരങ്ങാടി നിയോജക മണ്ഡലം മുസ്ലിം യൂത്ത്ലീഗ് പ്രസിഡന്റ് യു എ റസാഖ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്ക്ക് നല്കിയ പരാതിയിലാണ് നോട്ടീസ്

മലപ്പുറം: പൊന്നാനി പാര്ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്ത്ഥിയും മുസ്ലിംലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ ഡോ. എം പി അബ്ദുസ്സമദ് സമദാനിക്കെതിരെ കള്ളപ്രചരണം നടത്തിയതിന് തിരഞ്ഞെടുപ്പ് ഓഫീസര് നോട്ടീസയച്ചു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില് വേങ്ങര നിയോജക മണ്ഡലത്തില് സ്വതന്ത്ര സ്ഥാനാര്ത്ഥിയായി മത്സരിച്ച് പരാജയപ്പെട്ട വ്യവസായി എ പി സബാഹിനാണ് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതിന് നോട്ടീസ് അയച്ചത്. തിരൂരങ്ങാടി നിയോജക മണ്ഡലം മുസ്ലിം യൂത്ത്ലീഗ് പ്രസിഡന്റ് യു എ റസാഖ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്ക്ക് നല്കിയ പരാതിയിലാണ് നോട്ടീസ്.

സബാഹ് റിപ്പോർട്ടറിന്റെ മോർണിംഗ് ഷോയിൽ സമാദാനിക്കെതിരെ പരാമർശം നടത്തിയെന്നായിരുന്നു ലീഗിന്റെ പരാതി. നോട്ട് കെട്ടുകളുണ്ടെങ്കിലേ സമദാനി വാതില് തുറക്കൂ എന്ന തരത്തില് സബാഹ് റിപ്പോർട്ടറിനോട് പച്ചക്കള്ളം പറയുകയും ഇടതുപക്ഷ പ്രവര്ത്തകര് അത് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിക്കുന്നതിനുമെതിരെയായിരുന്നു റസാഖിന്റെ പരാതി. ഈ പരാമര്ശത്തിന്റെ വീഡിയോ ക്ലിപ്പും പരാതിയോടപ്പം സമര്പ്പിച്ചിരുന്നു. ഇത് വ്യക്തിഹത്യായാണെന്നും തിരഞ്ഞെടുപ്പ് ലംഘനവും ഐടി ആക്ട് പ്രകാരം കേസ് നിലനില്ക്കുന്നതുമാണെന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്.

'ഈ ആന ഒറ്റയൊരുത്തന് കാരണം രണ്ട്മാസമാണ് ഞാന് ഇരുന്നത്'; കോതമംഗലത്ത് പ്രതിഷേധം

വീഡിയോ ക്ലിപ്പ് പരിശോധിച്ചതില് നിന്നും സമദാനിയെ വ്യക്തിഹത്യ നടത്തുന്നതായി കാണുന്നുണ്ടെന്നും മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ അനുബന്ധം ഒന്ന് പ്രകാരം സ്ഥാനാര്ത്ഥികളും രാഷ്ടീയ പാര്ട്ടികളും സ്ഥീരികരിക്കാത്ത ആരോപണങ്ങള് ഒഴിവാക്കേണ്ടതാണെന്ന് നിഷ്കര്ഷിക്കുന്നുണ്ട്. അതില് വിശദീകരണം ആവശ്യപ്പെട്ടാണ് തിരഞ്ഞെടുപ്പ് ഓഫീസര് സബാഹിന് നോട്ടീസ് നല്കിയത്. ഇടത് പക്ഷത്തിന് വോട്ടുണ്ടാക്കാന് ജനകീയനായ സമദാനിക്കെതിരെ വ്യാജ പ്രചരണം നടത്തുകയാണ് സബാഹ് ചെയ്തിരിക്കുന്നതെന്നും പണം കൊണ്ട് സബാഹ് പലതും നേടിയ പോലെയാണ് എല്ലാവരുമെന്നത് സബാഹിന്റെ തെറ്റിദ്ധാരണയാണെന്നും പരാതിക്കാരനായ റസാഖ് പറഞ്ഞു.

To advertise here,contact us