പാനൂര് സ്ഫോടനക്കേസ്; മൂന്ന് പേര് കൂടി അറസ്റ്റില്

പാനൂരില് ബോംബ് നിര്മിക്കാന് വെടിമരുന്ന് എത്തിച്ചയാള് പിടിയില്

വടകര: പാനൂര് ബോംബ് സ്ഫോടന കേസില് മൂന്ന് പേര് കൂടി അറസ്റ്റിലായി. കതിരൂര് സ്വദേശികളായ സജിലേഷ്, ജിജോഷ്, വടകര സ്വദേശി ബാബു എന്നിവരാണ് അറസ്റ്റിലായത്. സജിലേഷ് ആര്എസ്എസ് നേതാവ് കതിരൂര് മനോജ് വധക്കേസിലെ പ്രതിയാണ്. സ്ഫോടനത്തിന് എവിടെ നിന്ന് വെടിമരുന്ന് ലഭിച്ചെന്ന പൊലീസ് പരിശോധനക്കിടെ വടകര മടപ്പള്ളിയില് നിന്ന് വെടിമരുന്ന് പിടിച്ചെടുത്തിരുന്നു.

വടകരയില് നിന്ന് പാനൂരില് ബോംബ് നിര്മിക്കാന് വെടിമരുന്ന് എത്തിച്ച സംഭവത്തിലാണ് വടകര സ്വദേശി ബാബു അറസ്റ്റിലായത്. ഇയാളെ ചോദ്യം ചെയ്തതിലൂടെയാണ് മറ്റു രണ്ടുപേരെ കൂടി പൊലീസ് പിടികൂടുന്നത്. മൂന്ന് കിലോ വെടിമരുന്നാണ് മടപ്പള്ളിയില് നിന്ന് കണ്ടെടുത്തത്. കണ്ണൂര്, കോഴിക്കോട് ജില്ലകളിലെ അതിര്ത്തി പ്രദേശങ്ങളില് പൊലീസ്, ബോംബ് സ്ക്വാഡ് എന്നിവരുടെ നേതൃത്വത്തില് പരിശോധന തുടരുകയാണ്.

പാനൂരില് നിര്മാണത്തിനിടെയായിരുന്നു ബോംബ് പൊട്ടിത്തെറിച്ച് ഒരാള് മരണപ്പെട്ടത്. തുടര്ന്ന് പൊലീസ് പ്രദേശത്ത് നടത്തിയ പരിശോധനയില് കൂടുതല് സ്റ്റീല് ബോംബുകളടക്കം കണ്ടെത്തിയിരുന്നു. ഇതേതുടര്ന്നാണ് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില് കോഴിക്കോട് ജില്ലയുടെ അതിര്ത്തി പ്രദേശത്തും ബോംബ് സക്വാഡിന്റെ നേതൃത്വത്തില് പരിശോധന വ്യാപകമാക്കാന് പൊലീസ് തീരുമാനിച്ചത്.

To advertise here,contact us