യുഡിഎഫില് നിന്ന് തിരുത്തല് പ്രതീക്ഷിക്കുന്നില്ല,വോട്ടിലൂടെ ജനങ്ങള് മറുപടി നല്കും: ബൃന്ദ കാരാട്ട്

ബിജെപി സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി പാര്ട്ടിയാണെന്നും ബൃന്ദ കാരാട്ട് ആരോപിച്ചു

കൊച്ചി: നടക്കാന് പോകുന്നത് അസാധാരണമായ തിരഞ്ഞെടുപ്പെന്ന് സിപിഐഎം നേതാവ് ബൃന്ദ കാരാട്ട്. ഭരണഘടന ഭീഷണി നേരിടുന്ന കാലത്ത് നടക്കുന്ന തിരഞ്ഞെടുപ്പാണ്. ബിജെപി ഭരണത്തില് അസമത്വം വര്ധിച്ചു. കോടീശ്വരന്മാരുടെ വളര്ച്ച വര്ധിച്ചു. ബിജെപി സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി പാര്ട്ടിയാണെന്നും ബൃന്ദ കാരാട്ട് ആരോപിച്ചു.

കേന്ദ്ര ഏജന്സികളെ ഉപയോഗിച്ച് രാഷ്ട്രീയ പകപോക്കല് നടത്തുന്നു. രണ്ട് മുഖ്യമന്ത്രിമാര് അറസ്റ്റ് ചെയ്യപ്പെട്ടുവെന്ന് പറഞ്ഞ ബൃന്ദ കാരാട്ട് കേരള സര്ക്കാരിനെ തകര്ക്കാനാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്നും വിമര്ശിച്ചു. കേരളത്തെ സാമ്പത്തികമായി ഞെരുക്കാന് ശ്രമിച്ചു. കേരളത്തില് ബിജെപി മുക്തമെന്ന എല്ഡിഎഫ് മുദ്രാവാക്യം ജനങ്ങള് ഏറ്റെടുത്തു.

ബിജെപി വിരുദ്ധ പോരാട്ടത്തില് കേരളത്തിലെ യുഡിഎഫ് എംപിമാരെ കണ്ടിട്ടില്ല. ബിജെപി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന പിണറായി വിജയനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്നതാണ് കോണ്ഗ്രസ് നേതാക്കള് ചോദിക്കുന്നത്. ബിജെപിയുടെയും ആര്എസ്എസിന്റെയും തോല്വിയാണ് തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യം. എന്നാല് കോണ്ഗ്രസിന് ആ ലക്ഷ്യമില്ലെന്നും ബൃന്ദ കാരാട്ട് വിമര്ശിച്ചു.

കേരളത്തില് എല്ഡിഎഫ് ആത്മവിശ്വാസത്തിലാണ്. 20ല് 20 സീറ്റും ജനങ്ങള് നല്കുമെന്നാണ് വിശ്വാസം. കേരളത്തില് സര്ക്കാര് വിരുദ്ധ വികാരമില്ല. മികച്ച സാമൂഹ്യസുരക്ഷ ഉറപ്പാക്കിയ സര്ക്കാരാണ് കേരളത്തിലേത്. കേരള സര്ക്കാര് തങ്ങള്ക്ക് വേണ്ടിയാണ് പോരാടുന്നതെന്ന് ജനങ്ങള്ക്ക് അറിയാം. കെ കെ ശൈലജയ്ക്ക് എതിരായ പ്രചരണത്തില് യുഡിഎഫ് നേതൃത്വം പങ്കാളികളാണ്. ആ നേതൃത്വത്തില് നിന്ന് തിരുത്തല് പ്രതീക്ഷിക്കുന്നില്ല. കേരളത്തിലെ ജനങ്ങള് വോട്ടിലൂടെ മറുപടി നല്കുമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

To advertise here,contact us