തിരുവനന്തപുരം വർക്കല റെയിൽവേ സ്റ്റേഷൻ നവീകരണത്തിന് തിരിച്ചടി; മാസ്റ്റർ പ്ലാനിൽ അടിമുടി തിരുത്തൽ

ശിവഗിരി മഠത്തിലേക്കുള്ള രണ്ടാം കവാടം ഒഴിവാക്കണമെന്നടക്കമാണ് നിർദേശം

തിരുവനന്തപുരം: കെ റെയിൽ കോർപ്പറേഷൻ കരാറെടുത്ത തിരുവനന്തപുരം വർക്കല റെയിൽവേ സ്റ്റേഷൻ നവീകരണത്തിന് തിരിച്ചടി. മാസ്റ്റർപ്ലാൻ തിരുത്താൻ കെ റെയിലിനു റെയിൽവേ നിർദേശം നൽകി. ശിവഗിരി മഠത്തിലേക്കുള്ള രണ്ടാം കവാടം ഒഴിവാക്കണമെന്നതടക്കമാണ് നിർദ്ദേശം. ടെണ്ടർ നൽകിയ ശേഷം പ്ലാനിൽ മാറ്റം വരുത്താൻ ആവശ്യപ്പെട്ടത് പദ്ധതി സ്തംഭിക്കാൻ വഴിയൊരുക്കുമോയെന്ന് ആശങ്കയുണ്ട്.

വര്ക്കല റെയില്വേ സ്റ്റേഷന് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനുള്ള 123 കോടിയുടെ നവീകരണ പദ്ധതിക്ക് കഴിഞ്ഞ ജനുവരിയിലാണ് റെയിൽവേ മന്ത്രാലയം കെ റെയിൽ കോർപ്പറേഷന് കരാർ നൽകിയത്. ഇതിൻ്റെ പ്രാരംഭ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കവെയാണ് റെയിൽവേയുടെ ഇടപെടൽ. മാസ്റ്റർ പ്ലാനിൽ അടിമുടി തിരുത്തൽ വേണമെന്നാണ് പദ്ധതിക്ക് ടെണ്ടർ നൽകിയ ശേഷം റെയിൽവേ ഇപ്പോൾ ആവശ്യപ്പെടുന്നത്.

റെയിൽവേ തന്നെ തയ്യാറാക്കിയ നിലവിലെ മാസ്റ്റർ പ്ലാൻ പ്രകാരം വർക്കല മൈതാന് റോഡില് നിന്ന് പ്രധാന പ്രവേശന കവാടവും ശിവഗിരി മഠത്തിൻ്റെ ഭാഗത്ത് രണ്ടാം കവാടവുമാണ് വിഭാവനം ചെയ്തിരുന്നത്. എന്നാൽ ശിവഗിരി മഠം ഭാഗത്തുള്ള രണ്ടാം ഗേറ്റ് ഒഴിവാക്കാനാണ് ദക്ഷിണ റെയിൽവേയുടെ നിർദേശം. ഇതടക്കം മാസ്റ്റർ പ്ലാനിൽ വരുത്തേണ്ട മാറ്റങ്ങൾ ചൂണ്ടിക്കാട്ടി ദക്ഷിണ റെയിൽവേ ഡെപ്യൂട്ടി ചീഫ് എൻജിനീയർ കെ റെയിൽ കോർപ്പറേഷന് നൽകിയ കത്ത് റിപ്പോർട്ടറിന് ലഭിച്ചു.

ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ഫെബ്രുവരിയിൽ നടത്തിയ സന്ദർശനത്തിന്റെ അടിസ്ഥാനത്തിലാണ് നിർദേശമെന്ന് കത്തിൽ പറയുന്നു. ശിവഗിരി മഠം ഭാഗത്തെ ഗേറ്റ് ഒഴിവാക്കിയുള്ള നവീകരണം ശിവഗിരി ആശ്രമം, വര്ക്കല ടണല്, എസ്എന് കോളേജ്, നഴ്സിംഗ് കോളേജ് ഭാഗങ്ങളിലെ യാത്രക്കാർക്ക് തിരിച്ചടിയാകും. റെയിൽവേ തന്നെ തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ കരാർ നൽകിയ ശേഷം അസാധാരണമായി തിരുത്താൻ നിർദ്ദേശിച്ചത് പദ്ധതി ചെലവ് വെട്ടി ചുരുക്കാൻ വേണ്ടിയാണോയെന്ന സംശയം ഉയർന്നു കഴിഞ്ഞൂ.

കോൺഗ്രസിൻ്റെ ലക്ഷ്യം ബിജെപിയല്ല മുഖ്യമന്ത്രി, പിണറായിക്ക് ബിജെപി ബന്ധമെന്ന് നുണപറയുന്നു: യെച്ചൂരി

To advertise here,contact us