ആറ്റിങ്ങലിലെയും വടകരയിലെയും ഇരട്ടവോട്ട് പരാതികൾ അടിസ്ഥാന രഹിതം; തിരഞ്ഞെടുപ്പ് കമ്മീഷൻ

കല്യാശ്ശേരിയിലെ വീട്ടിലെ വോട്ട് ക്രമക്കേടിന് പിന്നിൽ ഉദ്യോഗസ്ഥരുടെ അശ്രദ്ധയാണെന്നും സഞ്ജയ് കൗൾ പറഞ്ഞു

തിരുവനന്തപുരം: ആറ്റിങ്ങലിലെയും വടകരയിലെയും ഇരട്ടവോട്ട് പരാതികൾ അടിസ്ഥാന രഹിതമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഉദ്യോഗസ്ഥർ വോട്ടേഴ്സ് ലിസ്റ്റ് നേരിട്ട് പരിശോധിച്ചുവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ റിപ്പോർട്ടറിനോട് പറഞ്ഞു. ചെറിയ എണ്ണം ഇരട്ട വോട്ടുകൾ മാത്രമാണ് കണ്ടെത്തിയത്. വ്യാജ വോട്ടുകൾ കണ്ടെത്തിയിട്ടില്ലെന്നും സ്ഥാനാർത്ഥികളുടെ പരാതികളിൽ യാഥാർഥ്യം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കല്യാശ്ശേരിയിലെ വീട്ടിലെ വോട്ട് ക്രമക്കേടിന് പിന്നിൽ ഉദ്യോഗസ്ഥരുടെ അശ്രദ്ധയാണെന്നും സഞ്ജയ് കൗൾ പറഞ്ഞു. ഇതിനെതിരെ കർശന നടപടി സ്വീകരിച്ചതായും അദ്ദേഹം റിപ്പോർട്ടറിനോട് പറഞ്ഞു. ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. പിന്നാലെ പൊലീസ് അറസ്റ്റും ഉണ്ടായി. ആളുമാറി വോട്ട് ചെയ്യിക്കുന്നത് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ അശ്രദ്ധയാണ്. അതിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. മോക്പോളിലെ അധിക വിവിപാറ്റ് പ്രശ്നത്തിൽ സുപ്രീംകോടതിയെ വിവരങ്ങൾ ധരിപ്പിച്ചു.

കാസർകോട്ടെ വിവിപാറ്റ് പ്രശ്നത്തിൽ സുപ്രീംകോടതിക്ക് കാര്യങ്ങൾ ബോധ്യപ്പെട്ടു. ഓഫാക്കിയ മെഷീൻ ഓണാക്കിയപ്പോൾ പഴയ വിവിപാറ്റ് ലഭിച്ചതാണ് പ്രശ്നം. അതേ മെഷീൻ ആയിരം തവണ മോക്പോൾ നടത്തി പ്രശ്നമില്ലെന്ന് ബോധ്യപ്പെട്ടുവെന്നും പൂഞ്ഞാറിൽ ഉണ്ടായതും സമാനമായ പ്രശ്നമാണെന്നും സഞ്ജയ് കൗൾ പറഞ്ഞു. പക്ഷേ അശ്രദ്ധ പാടില്ല, കർശന നടപടിയുണ്ടാകും. രാഷ്ട്രീയ പാർട്ടി ഏജന്റുമാർ എത്തിയാൽ പ്രവർത്തനങ്ങളിൽ സുതാര്യത ഉണ്ടാകും. എന്നാൽ ആവർത്തിച്ചു പറഞ്ഞാലും പലപ്പോഴും പാർട്ടി ഏജന്റുമാർ എത്താറില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നു.

To advertise here,contact us