വൻഭൂരിപക്ഷമെന്ന് ലീഗ്, അടിയൊഴുക്കുകളിൽ പ്രതീക്ഷയോടെ എൽഡിഎഫ്; മലപ്പുറത്ത് ആര്?

രണ്ടു ശതമാനത്തിലെ നേരിയ വ്യത്യാസം പോസ്റ്റൽ വോട്ടുകളും വീട്ടിലെ വോട്ടുകളും കൂടി എത്തുമ്പോൾ മറികടക്കും എന്നാണ് ഇരുമുന്നണികളുടെയും വിലയിരുത്തൽ

മലപ്പുറം: മലപ്പുറത്തെ പോളിങ് ശതമാനത്തിലെ നേരിയ കുറവിൽ ആശങ്ക വേണ്ടന്ന നിലപാടിലാണ് ഇരു മുന്നണികളും. വൻ ഭൂരിപക്ഷം നേടി വിജയം ഉറപ്പെന്ന് ലീഗ് ആവർത്തിക്കുമ്പോൾ അടിയൊഴുക്കുകളിലാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ. അവസാന കണക്ക് പ്രകാരം ഇത്തവണത്തെ പോളിംഗ് 73% ശതമാനമാണ്. 75.49 ശതമാനം വോട്ടുകളാണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മലപ്പുറത്ത് പോൾ ചെയ്തത്. രണ്ടു ശതമാനത്തിലെ നേരിയ വ്യത്യാസം പോസ്റ്റൽ വോട്ടുകളും വീട്ടിലെ വോട്ടുകളും കൂടി എത്തുമ്പോൾ മറികടക്കും എന്നാണ് ഇരുമുന്നണികളുടെയും വിലയിരുത്തൽ.

കഴിഞ്ഞ തവണത്തേതിന് സമാനമായ പോളിങ് ശതമാനം തങ്ങളുടെ ഭൂരിപക്ഷം നിലനിർത്താൻ സഹായിക്കുമെന്നാണ് ലീഗ് നിലപാട്. 2021ൽ നേടിയ 2.60 ലക്ഷത്തിന്റെ ഭൂരിപക്ഷം നേടാനായില്ലെങ്കിലും വലിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകില്ലെന്നാണ് ലീഗ് കേന്ദ്രങ്ങൾ പറയുന്നത്. രാഹുൽ ഗാന്ധി, ശബരിമല ഫാക്ടറുകൾ ഇല്ലെങ്കിലും മികച്ച ഭൂരിപക്ഷം ലഭിക്കുമെന്നാണ് ലീഗ് ആവർത്തിക്കുന്നത്.

എന്നാൽ ശക്തമായ അടിയൊഴുക്ക് ഉണ്ടാകുമെന്നാണ് സിപിഐഎം കണക്ക് കൂട്ടൽ. സമസ്ത ലീഗ് തർക്കവും സാമുദായിക വോട്ടുകളിലെ വിള്ളലും തങ്ങൾക്ക് അനുകൂലമാകുമെന്നാണ് സിപിഐഎം വിലയിരുത്തൽ. പൗരത്വ ഭേദഗതി നിയമം മണ്ഡലത്തിൽ സജീവ ചർച്ചയായതും അനുകൂലമാകുമെന്ന പ്രതീക്ഷ എൽഡിഎഫിനുണ്ട്. മണ്ഡലത്തിൽ കൊണ്ടോട്ടി, മലപ്പുറം മണ്ഡലങ്ങളിലാണ് പോളിങ് ശതമാനം ഉയർന്നത്. ഏറ്റവും കുറവ് വേങ്ങരയിലാണ്. ആരുടെ വോട്ടുകളാണ് ബൂത്തുകളിൽ എത്താതെ പോയതെന്ന് കണക്ക് കൂട്ടിയും കിഴിച്ചും നോക്കുകയാണ് ഇരു മുന്നണികളും.

കോഴിക്കോട്: സാമുദായിക വോട്ടിലെ ഭിന്നത, എൻഡിഎ സ്ഥാനാർഥി പിടിക്കുന്ന വോട്ടുകൾ; പോളിങ് കുറവും നിർണായകം

To advertise here,contact us