മകളുടെ ഓര്മ്മയ്ക്കായിക്ലിനിക് പണിയും, പാവങ്ങളെ സൗജന്യമായി ചികിത്സിക്കും; ഡോ. വന്ദനയുടെ പിതാവ്

'മോളുടെ ആഗ്രഹമായിരുന്നു, പാവപ്പെട്ടവരെ എന്നും സഹായിക്കുക എന്നത്'

കോട്ടയം: മകള് മരിച്ച് ഒരാണ്ട് തികയുമ്പോള് ഓര്മകളില് വിതുമ്പുകയാണ് ഡോ. വന്ദന ദാസിന്റെ പിതാവ് മോഹന്ദാസ്. 'ഇങ്ങനെയൊരവസ്ഥ ലോകത്ത് ഒരു മാതാപിതാക്കള്ക്കും ഉണ്ടാകരുത്. പഞ്ചപാവമായ എന്റെ മകള് നിഷ്ഠൂരമായി കൊല്ലപ്പെട്ടിട്ട് ഒരു വര്ഷം കഴിഞ്ഞിട്ടും ബന്ധപ്പെട്ടവരില് നിന്ന് വേണ്ടത്ര സഹായം കിട്ടിയിട്ടില്ല'....വാക്കുകള് മുറിഞ്ഞ് തൊണ്ടയിടറിയാണ് മകളെ പറ്റി മോഹന്ദാസ് പറഞ്ഞു തുടങ്ങിയത്. സാധാരണക്കാരായ രക്ഷിതാക്കള്ക്ക് ഇത് ഉള്ക്കൊള്ളാന് സാധിക്കില്ല. മകള് മരിച്ച് ഒരു വര്ഷം തികയുമ്പോള് മകളുടെ അസ്ഥിത്തറയില് ബലിയിട്ടു. മോളുടെ ഓര്മ്മയ്ക്കായി ഒരു അനാഥാലയത്തില് അന്നദാനം നല്കി. അഗതികള്ക്കൊപ്പം ഞങ്ങളും ഭക്ഷണം കഴിച്ചു. മോളുടെ ആഗ്രഹമായിരുന്നു പാവപ്പെട്ടവരെ സഹായിക്കുക എന്നത്.

അവളുടെ അമ്മ വസന്ത കുമാരിയുടെ പേരിലുള്ള തൃക്കുന്നപുഴയിലെ സ്ഥലത്ത് അവളുടെ ഓര്മ്മയ്ക്കായി ഒരു ക്ലിനിക് നിര്മിക്കും. മകളുടെ കൂടെ പഠിച്ചവര് അവിടെയെത്തി പാവപ്പെട്ട രോഗികളെ സൗജന്യമായി ചികിത്സിക്കും. പഠിച്ച് പാസ്സായി അട്ടപാടിയില് പോയി പാവപ്പെട്ടവരെ ചികിത്സിക്കുക എന്നതും മോളുടെ ആഗ്രഹമായിരുന്നു. കോടതി നടപടികളില് വിശ്വാസമുണ്ട്. എന്നാല്, സര്ക്കാര് സംവിധാനത്തില് നിന്ന് ന്യായമായ പിന്തുണ നമുക്ക് കിട്ടിയിട്ടില്ല. മകള്ക്കുണ്ടായ ദുരനുഭവം ഇനി ആര്ക്കും ഉണ്ടാകരുത്.

ഡോക്ടര്മാര്ക്ക് നീതി കിട്ടിയോ? വന്ദനയുടെ ഓര്മകള്ക്ക് ഒരാണ്ട്

അതിനുള്ള നടപടി സര്ക്കാര് പണ്ടേ സ്വീകരിക്കേണ്ടതായിരുന്നുവെന്നും മോഹന്ദാസ് റിപ്പോര്ട്ടറിനോട് പറഞ്ഞു. 2023 മെയ് പത്തിനാണ് ജോലിക്കിടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില് വെച്ച് ഡോ. വന്ദന ദാസ് കൊല്ലപ്പെട്ടത്. ഡ്യൂട്ടിയില് ഇരിക്കുമ്പോള് പുലര്ച്ച നാലരയോടെയാണ് ലഹരിക്കടിമയായ സന്ദീപിനെ പൊലീസുകാര് അവിടെ എത്തിക്കുന്നത്. കാലിലെ മുറിവ് തുന്നി കെട്ടാന് ആണ് കൊണ്ടുവന്നത്. കൈവിലങ്ങ് വച്ചിരുന്നില്ല. മുറിവ് തുന്നി കെട്ടുന്നതിനിടെ പ്രകോപിതനായ പ്രതി മേശപ്പുറത്തിരുന്ന കത്രിക ഉപയോഗിച്ച് വന്ദനയെ ആഞ്ഞുകുത്തി. ഒന്നല്ല ആറ് തവണ. വന്ദനയുടെ കഴുത്തിലും മുതുകിലും പിന്നില് നിന്നും കുത്തി. നിലവിളി കേട്ട് ഓടിയെത്തിയ പൊലീസും സഹപ്രവര്ത്തകരും ഏറെ പണിപ്പെട്ട് അക്രമാസക്തനായ പ്രതിയെ കീഴടക്കി. ശേഷം വന്ദനയെ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് അതീവ ഗുരുതരമായതിനാല് വെന്റിലേറ്ററിലേക്ക് മാറ്റിയ വന്ദനയുടെ മരണം പകല് ഒമ്പതു മണിയോടെ സ്ഥിരീകരിക്കുകയായിരുന്നു.

To advertise here,contact us