ഹരിഹരന്റേത് നാക്കുപിഴ,പരാമര്ശം വേദനിപ്പിച്ചെങ്കില് താനും മാപ്പ് പറയുന്നു: ഡിസിസി പ്രസിഡന്റ്

കെകെ രമക്കെതിരെ വലിയ ആക്രമണം ഉണ്ടായപ്പോള് ആരും ഖേദം പ്രകടിപ്പിച്ചില്ല.

കോഴിക്കോട്: എല്ഡിഎഫ് സ്ഥാനാര്ത്ഥി കെ കെ ശൈലജ എംഎല്എക്കെതിരായ ആര്എംപി കേന്ദ്രകമ്മിറ്റി അംഗം കെ എസ് ഹരിഹരന്റെ പരാമര്ശം വേദനിപ്പിച്ചെങ്കില് പരിപാടിയുടെ സംഘാടകന് എന്ന നിലയില് താനും മാപ്പ് പറയുന്നുവെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ് കുമാര്. ഒരിക്കലും ഉണ്ടാകാന് പാടില്ലാത്ത പരാമര്ശമാണ് കെ എസ് ഹരിഹരന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. പ്രതിപക്ഷ നേതാവടക്കം ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. അപ്പോള് തന്നെ ഹരിഹരന് ഖേദം പ്രകടിപ്പിച്ച് പോസ്റ്റ് ഇട്ടിരുന്നുവെന്ന് പ്രവീണ്കുമാര് ചൂണ്ടികാട്ടി.

കെ കെ രമക്കെതിരെ വലിയ ആക്രമണം ഉണ്ടായപ്പോള് ആരും ഖേദം പ്രകടിപ്പിച്ചില്ല. സിപിഐഎം നേതാവ് പി ജയരാജന് വടകരയിലെ സ്ത്രീകളെ വെണ്ണപ്പാളിയെന്ന് വിളിച്ചപ്പോഴും മാപ്പ് പറഞ്ഞിട്ടില്ല. നാക്കുപിഴ വന്നാല് ഖേദ പ്രകടനം നടത്തുകയല്ലാതെ വേറെ വഴിയില്ലെന്നും പ്രവീണ്കുമാര് അഭിപ്രായപ്പെട്ടു.

'ടീച്ചറുടെ പോണ് വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ, മഞ്ജു വാര്യരുടെ പോണ് വീഡിയോ ഉണ്ടാക്കിയെന്ന് പറഞ്ഞാല് മനസ്സിലാകും'; എന്നായിരുന്നു ഹരിഹരന്റെ പരാമര്ശം. വിവാദമായതോടെ ഹരിഹരന് ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.

ഒരാളുടെ ഭാഗത്ത് നിന്നും ഉണ്ടാകാന് പാടില്ലാത്ത പരാമര്ശമാണെന്ന് ഹരിഹരനെ തള്ളികൊണ്ട് കെ കെ രമ പ്രതികരിച്ചത്. തെറ്റ് മനസ്സിലാക്കി ഹരിഹരന് മാപ്പുപറഞ്ഞ സ്ഥിതിക്ക് വിവാദത്തിന് പ്രസക്തിയില്ലെന്നും കെ കെ രമ പ്രതികരിച്ചു.

To advertise here,contact us