നിരീശ്വരവാദിക്ക് തക്ബീര് ചൊല്ലുന്നത് ബുദ്ധിശൂന്യം; സമസ്തയ്ക്കെതിരെ ബഹാഉദ്ദീന് മുഹമ്മദ് നദ്വി

ചടങ്ങില് മന്ത്രി പി എ മുഹമ്മദ് റിയാസ് പങ്കെടുത്തത് ചൂണ്ടികാട്ടിയായിരുന്നു വിമര്ശനം.

മലപ്പുറം: സമസ്ത നേതൃത്വത്തിനെതിരെ രൂക്ഷവിമര്ശനവുമായി മുശാവറ അംഗവും സുപ്രഭാതം ചീഫ് എഡിറ്ററുമായ ഡോ. ബഹാഉദ്ദീന് മുഹമ്മദ് നദ്വി. മത നിഷേധികള്ക്കെതിരെ കര്ശന നിലപാട് സ്വീകരിച്ച സംഘടനയാണ് സമസ്ത. അടുത്ത കാലത്തായി അതിനു മാറ്റങ്ങള് വന്നു. സുപ്രഭാതം ഗള്ഫ് എഡിഷന് ഉദ്ഘാടന ചടങ്ങ് അതിന് തെളിവാണെന്നും ബഹാഉദ്ദീന് മുഹമ്മദ് നദ്വി പറഞ്ഞു. ചടങ്ങില് മന്ത്രി പി എ മുഹമ്മദ് റിയാസ് പങ്കെടുത്തത് ചൂണ്ടികാട്ടിയായിരുന്നു വിമര്ശനം. നിരീശ്വരവാദിയായ ഒരാള്ക്ക് തക്ബീര് ചൊല്ലി പിന്തുണ നല്കുന്നത് ബുദ്ധിശൂന്യമാണെന്ന് ബഹാഉദ്ദീന് മുഹമ്മദ് നദ്വി പറഞ്ഞു. റിപ്പോര്ട്ടറിന് നല്കിയ അഭിമുഖത്തിലായിരുന്നു വിമര്ശനം.

സുപ്രഭാതത്തിന് മാര്ഗഭ്രംശം സംഭവിച്ചതു കൊണ്ടാണ് ഗള്ഫ് എഡിഷന് ചടങ്ങില് നിന്ന് വിട്ടുനിന്നതെന്നും അദ്ദേഹം പറഞ്ഞു. സുപ്രഭാത്തിനകത്ത് കുറച്ചുകാലമായി പ്രഖ്യാപിത രീതിയില് നിന്നും ചെറിയ രീതിയില് മാര്ഗഭ്രംശം സംഭവിച്ചിട്ടുണ്ട്. അത് ശരിയാക്കി എടുക്കേണ്ടതുണ്ട്. വ്യക്തത വരുത്തിയ ശേഷം സഹകരിക്കാമെന്ന നിലപാടിലാണ്. മനഃപൂര്വ്വം മാറി നിന്നതാണ്. മുസ്ലിം ലീഗ് നേതാക്കള് ചടങ്ങില് നിന്നും പങ്കെടുക്കാത്തതിന്റെ കാരണം അറിയില്ല. ജിഫ്രി തങ്ങള് അടക്കം പങ്കെടുത്തവര് നിലവിലെ നിലപാടുമായി യോജിച്ചുവരുന്നവരായിരിക്കാം.

സമസ്തയിലെ പൂര്വികരുടെ നിലപാടുകള് മറക്കരുത്. വ്യക്തിപരമായ കാഴ്ച്ചപ്പാടുകള്ക്കോ, താല്പ്പര്യങ്ങള്ക്കോ സമസ്തയില് പ്രസക്തിയില്ല. സമസ്ത നേതൃത്വം മാറേണ്ട, നയങ്ങള് മാറ്റിയാല് മതി. പരസ്പരം സമരസപ്പെട്ടായിരുന്നു മുസ്ലിം ലീഗും, സമസ്തയും മുന്നോട്ട് പോയത്

സംഘടിതനീക്കങ്ങളിലൂടെ മാത്രമേ അധികാരികളുമായി ഇടപെടാന് സാധിക്കു. സഹസഞ്ചാരമാണ് സമൂഹത്തിന് ആവശ്യമാണെന്നും ബഹാഉദ്ദീന് മുഹമ്മദ് നദ്വി പറഞ്ഞു.

To advertise here,contact us