'ജിഎസ്ടി റെയ്ഡ് പഞ്ചനക്ഷത്ര പരിശീലന വിവാദം മറയ്ക്കാൻ'; ഉദ്യോഗസ്ഥരുടെ സമൂഹമാധ്യമ ഗ്രൂപ്പുകളിൽ ചർച്ച

സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ പാം ട്രീ എന്ന പേരിൽ ജി എസ് ടി വകുപ്പ് നടത്തിയ റെയ്ഡിൽ കോടികളുടെ വെട്ടിപ്പ് കണ്ടെത്തിയിരുന്നു

കൊച്ചി: പഞ്ചനക്ഷത്ര പരിശീലന വിവാദം മറയ്ക്കാനാണ് ജിഎസ്ടിയുടെ സംസ്ഥാന വ്യാപക റെയ്ഡെന്ന് ഉദ്യോഗസ്ഥരുടെ സമൂഹമാധ്യമ ഗ്രൂപ്പുകളിൽ ചർച്ച. ചർച്ചയുടെ സ്ക്രീൻഷോട്ട് റിപ്പോർട്ടറിന് ലഭിച്ചു. കാക്കനാട്ടെ ക്യാമ്പിൽ പങ്കെടുക്കുന്ന ഉദ്യോഗസ്ഥരെ കൂടി പങ്കെടുപ്പിച്ചാണ് ഇന്നലെ ജിഎസ്ടി വകുപ്പ് സംസ്ഥാന വ്യാപക റെയ്ഡ് നടത്തിയത്. പഞ്ച നക്ഷത്ര പരിശീലനംപുറത്തുകൊണ്ടുവന്നത് റിപ്പോർട്ടറാണ്. വിവാദമായപ്പോൾ നേരത്തെയുള്ള പരാതിയിൽ പരിശോധന നടത്തുകയായിരുന്നു.

സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ പാം ട്രീ എന്ന പേരിൽ ജി എസ്ടി വകുപ്പ് നടത്തിയ റെയ്ഡിൽ കോടികളുടെ വെട്ടിപ്പ് കണ്ടെത്തിയിരുന്നു. ഒരേ സമയം നിരവധി ഉദ്യോഗസ്ഥർ പങ്കെടുത്തുള്ള റെയ്ഡ് നടത്തിയതോടെ കോടികളുടെ വെട്ടിപ്പ് കണ്ടെത്തുകയും ചെയ്തു. റെയ്ഡ് തുടങ്ങിയതിന് പിന്നാലെ ഓരോ ജില്ലയിലെയും ജിഎസ് ടി ഉദ്യോഗസ്ഥരുടെ വാട്സ്ആപ് ഗ്രൂപ്പുകളിൽ ചർച്ച തുടങ്ങി. ഫൈവ് സ്റ്റാർ പരിശീലനം വിവാദമായതോടെ റെയ്ഡുമായി മുന്നോട്ട് എന്നായിരുന്നു ചർച്ചകളിലെ ഉള്ളടക്കം. ജിഎസ്ടിയുടെ കാസർകോട്ടെ ഉദ്യോഗസ്ഥരുടെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ചർച്ച നടന്നത്. സമാനമായ ചർച്ച പല ഗ്രൂപ്പിലും സജീവമാണെന്നാണ് ജിഎസ് ടി ഉദ്യോഗസ്ഥർ പറയുന്നത്.

ജിഎസ് ടി എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥർ 38 ലക്ഷം താമസിക്കാൻ മാത്രം ചെലവഴിച്ച് നടത്തിയ പഞ്ചനക്ഷത്ര പരിശീലന വാർത്ത റിപ്പോർട്ടറാണ് പുറത്തുകൊണ്ടുവന്നത്. പിന്നാലെ മറ്റ് മാധ്യമങ്ങളും ഏറ്റെടുത്തു. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ സർക്കാർ പരിപാടികൾ പഞ്ചനക്ഷത്ര സൗകര്യത്തിൽ നടത്തരുതെന്ന ഉത്തരവ് ലംഘിച്ചുള്ള പഞ്ചനക്ഷത്ര പരിശീലനം വിവാദമായതോടെയാണ് റെയ്ഡെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം.

To advertise here,contact us