ബാർ കോഴ വിവാദം: പാലക്കാട് യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ സംഘർഷം; ജലപീരങ്കി പ്രയോഗിച്ചു

ഒരു വനിതാ പ്രവർത്തകയോട് പൊലീസ് അപമര്യാദയായി പെരുമാറിയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്: ബാർ കോഴ വിവാദത്തിൽ പാലക്കാട് കളക്ടറേറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ച് സംഘർഷത്തിൽ കലാശിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസ് പ്രവർത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. എം ബി രാജേഷിന്റെ രാജി ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലാണ് പ്രതിഷേധമാർച്ച് ഉദ്ഘാടനം ചെയ്തത്.

യാതൊരു പ്രകോപനവും ഇല്ലാതെയാണ് പൊലീസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. പ്രവർത്തകരെ റോഡിലൂടെ വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്തത്. ഒരു വനിതാ പ്രവർത്തകയോട് പൊലീസ് അപമര്യാദയായി പെരുമാറി. സംഭവത്തിൽ ഡിവൈഎസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. വനിതാ പ്രവർത്തകയോട് മോശമായി പെരുമാറിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടു.

To advertise here,contact us