സുരേഷ് ഗോപി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; കേരളത്തിൽ നിന്ന് രണ്ടാമത് സർപ്രൈസ് മന്ത്രി ഉണ്ടാകുമോ?

സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങൾ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും

തൃശ്ശൂർ: കേരളത്തിൽ നിന്ന് സുരേഷ് ഗോപി കേന്ദ്ര മന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വിജയിച്ചാൽ ക്യാബിനറ്റ് മന്ത്രിസ്ഥാനമാണ് തിരഞ്ഞെടുപ്പ് സമയത്ത് സുരേഷ് ഗോപിക്ക് വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ ഘടക കക്ഷികൾക്ക് കൂടുതൽ മാന്ത്രിസ്ഥാനം ബിജെപി നൽകുന്ന പശ്ചാത്തിൽ ക്യാബിനറ്റ് മന്ത്രി സ്ഥാനമോ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനമോ സുരേഷ് ഗോപിക്ക് ലഭിച്ചേക്കും.

കേരളത്തിൽ നിന്ന് രണ്ടാമത് ഒരു മന്ത്രി ഉണ്ടാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. തൃശൂരിൻ്റെ പ്രത്യേകത കൂടി കണക്കിലെടുത്ത് സാംസ്കാരികം, ടൂറിസം, സിനിമ വകുപ്പുകളിൽ ഏതെങ്കിലും ലഭിക്കാനാണ് സാധ്യത. സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങൾ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും.

കേരളത്തിൽ നിന്ന് ഒരു ലോക്സഭാ അംഗം പോലും ഇല്ലാത്ത സമയത്ത് രണ്ട് മലയാളി കേന്ദ്ര മന്ത്രിമാർ ഉണ്ടായിരുന്നു. ഇത്തവണ തൃശൂരിൽ വിജയിക്കുകയും വിവിധ മണ്ഡലങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെക്കുകയും ചെയ്ത പശ്ചാത്തലിൽ കേരളത്തിന് ഒന്നിലധികം മന്ത്രി സ്ഥാനം നൽകിയാലും അത്ഭുതപ്പെടേണ്ടതില്ല. അങ്ങനെ വന്നാൽ തിരുവനന്തപുരത്ത് മികച്ച മത്സരം കാഴ്ച വെച്ച രാജീവ് ചന്ദ്രശേഖറിനെ പരിഗണിച്ചേക്കും. ന്യുനപക്ഷ പ്രതിനിധ്യം വേണമെന്ന നിലപാട് നേതൃത്വം സ്വീകരിച്ചാലും മലയാളികളുടെ പേര് പരിഗണിക്കാം. ദേശീയ ഉപാധ്യക്ഷൻ അബ്ദുള്ളക്കുട്ടി, ദേശീയ സെക്രട്ടറി അനിൽ ആൻ്റണി എന്നിവർക്കാണ് സാധ്യത.

രാഹുൽ വയനാട് ഒഴിയുന്നത് മനസ്സില്ലാ മനസ്സോടെ;പകരം മത്സരിക്കാനില്ലെന്ന് പ്രിയങ്ക

To advertise here,contact us